യുദ്ധം, ദുരിതം, മഹാമാരി... ഡാനിഷ് സിദ്ദീഖി ഫ്രെയിമിലാക്കിയ ലോകങ്ങൾ
യുദ്ധം, ദുരിതം, ദുരന്തം, സംഘർഷം... ഇതെല്ലാം എവിടെയുണ്ടോ അവിടെയെല്ലാം ഡാനിഷ് സിദ്ദീഖിയുമുണ്ടായിരുന്നു. ഏഷ്യൻ വൻകരയിൽ കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ നടന്ന ഒരു യുദ്ധവും സംഘർഷവും ദുരന്തവും ഡാനിഷ് കവർ ചെയ്യാതെ പോയിട്ടില്ല
- Updated:
2021-07-16 10:00:09.0
ഡൽഹിയിലെ പൊതുശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഹൃദയഭേദകമായ ആകാശദൃശ്യം ആരും മറന്നുകാണില്ല. കോവിഡ് മഹാമാരി ഇന്ത്യയെ എത്രമാത്രം പിടിച്ചുലച്ചിട്ടുണ്ടെന്ന് ആ ഒരൊറ്റ ദൃശ്യം ലോകത്തോട് വിളിച്ചുപറഞ്ഞു. രാജ്യത്തെ ഗുരുതരമായ കോവിഡ് പ്രതിസന്ധിയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണുതുറപ്പിച്ച ആ ചിത്രം മാത്രം മതി ഇന്ന് അഫ്ഗാനിസ്താനിൽ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡാനിഷ് സിദ്ദീഖിയെ മനസിലാക്കാൻ. യുദ്ധഭൂമികൾ, സംഘർഷമേഖലകൾ, ദുരന്തപ്രദേശങ്ങൾ, മനുഷ്യയാതനയുടെ അഭയാര്‍ത്ഥി ക്യാംപുകള്‍... ചുരുങ്ങിയ കാലം കൊണ്ട് ഡാനിഷ് ഫ്രെയിമിലാക്കിയ ലോകങ്ങളാണിതൊക്കെ.
ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ സിദ്ദീഖി ജാമിഅയിൽ തന്നെ മാധ്യമപഠനത്തിന് ചേർന്നു. ടെലിവിഷൻ ന്യൂസ് കറസ്പോണ്ടന്റ് ആയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2010ൽ റോയിട്ടേഴ്സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേൺ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. തുടര്‍ന്ന് റോയിട്ടേഴ്സ് പിക്ചേഴ്സ് ടീം ഇന്ത്യയുടെ മേധാവിയുമായി. റോയിട്ടേഴ്‌സിനു പുറമെ നാഷനൽ ജിയോഗ്രഫിക് മാഗസിൻ, ന്യൂയോർക്ക് ടൈംസ്, ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ, ടൈം മാഗസിൻ, ന്യൂസ്‌വീക്ക്, ബിബിസി, സൗത്ത് ചൈന മോണിങ് പോസ്റ്റ്, ദ് ഇൻഡിപെൻഡെന്റ്, ദ് ടെലഗ്രാഫ്, ഗൾഫ് ന്യൂസ്, ദ ഓസ്‌ട്രേലിയൻ തുടങ്ങി ഡാനിഷ് സിദ്ദീഖിയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കാത്ത അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിരളമാണ്. റോഹിംഗ്യകളുടെ നരകയാതനകള്‍ പകര്‍ത്തിയതിനാണ് വിഖ്യാതമായ പുലിറ്റ്‌സർ പുരസ്‌കാരം നേടുന്നത്. പുലിറ്റ്സര്‍ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ ഫോട്ടോഗ്രാഫറുമാണ് അദ്ദേഹം. ഇതിനുപുറമെ ഇന്ത്യയിലും അമേരിക്ക, ഇംഗ്ലണ്ട്, ചൈന എന്നിങ്ങനെ വിവിധ വിദേശരാജ്യങ്ങളിലുമായി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.
യുദ്ധഭൂമിയില്‍, ദുരന്തമുഖങ്ങളില്‍
യുദ്ധം, ദുരിതം, ദുരന്തം, സംഘർഷം... ഇതെല്ലാം എവിടെയുണ്ടോ അവിടെയെല്ലാം ഡാനിഷ് സിദ്ദീഖിയുമുണ്ടായിരുന്നു. ഏഷ്യൻ വൻകരയിൽ കഴിഞ്ഞൊരു പതിറ്റാണ്ടിനിടെ നടന്ന ഒരു യുദ്ധവും സംഘർഷവും ദുരന്തവും സിദ്ദീഖി കവർ ചെയ്യാതെ പോയിട്ടില്ല.
2016 ഒക്ടോബറിനും 2017 ജൂലൈക്കുമിടയിൽ ഇറാഖിൽ നടന്ന മൗസിൽ പോരാട്ടമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഫോട്ടോ പരമ്പരകളിലൊന്ന്. ഐഎസിൽനിന്ന് മൗസിൽ തിരിച്ചുപിടിക്കാനായി അന്താരാഷ്ട്ര, കുർദ് സൈന്യങ്ങളുടെ സഹായത്തോടെയായിരുന്നു ഇറാഖ് ഭരണകൂടം സൈനിക നടപടി ആരംഭിച്ചത്. ഒടുവിൽ ഐഎസ് ഭീകരരെ സംയുക്ത സേന തുരത്തിയോടിക്കുകയും ചെയ്തു. മൗസിൽ പോരാട്ടത്തിന്‍റെ ഓരോ നിമിഷവും പകർത്തി പുറത്തെത്തിച്ചു സിദ്ദീഖി.
അഫ്ഗാനിസ്താനിൽ അമേരിക്കൻ സൈന്യത്തിന്റെ നേതൃത്വത്തിൽ നടന്ന സൈനിക നടപടികൾ പകർത്താനും ഡാനിഷ് പോയിരുന്നു. ഏറ്റവുമൊടുവിൽ സഖ്യസേന പിന്മാറിയ ശേഷം രാജ്യം തിരിച്ചുപിടിക്കാനുള്ള താലിബാൻ നീക്കം റിപ്പോർട്ട് ചെയ്യാൻ പോയതായിരുന്നു. അങ്ങനെ താലിബാന്റെ കരങ്ങൾകൊണ്ട് തന്നെ ആ ഐതിഹാസിക ജീവിതത്തിന് അന്ത്യമായി.
റോഹിംഗ്യ അഭയാർഥി പ്രതിസന്ധി പകർത്തിയ ചിത്രങ്ങൾക്കാണ് 2018ൽ സിദ്ദീഖിക്ക് വിഖ്യാതമായ പുലിറ്റ്സര്‍ പുരസ്‌കാരം ലഭിക്കുന്നത്. അദ്നാൻ ആബിദിക്കൊപ്പം പുരസ്‌കാരം പങ്കിടുകയായിരുന്നു. മ്യാന്മറിലും ബംഗ്ലാദേശിലെ അഭയാർത്ഥി ക്യാംപുകളിലുമായി കഴിയുന്ന റോഹിൻഗ്യൻ അഭയാർത്ഥികളുടെ ജീവിതം അപ്പടി പകർത്തിയതിനായിരുന്നു പുരസ്‌കാരം.
2015ലെ നേപ്പാൾ ഭൂകമ്പം, സ്വിറ്റ്‌സർലൻഡിലെ അഭയാർത്ഥി പ്രശ്‌നങ്ങൾ, ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭം തുടങ്ങിയവയുടെ നേർചിത്രങ്ങളും അദ്ദേഹം പുറംലോകത്തിനു കാണിച്ചു.
ഡൽഹി കലാപം, കോവിഡ് മഹാമാരി; സർക്കാരിനു തലവേദന സൃഷ്ടിച്ച ചിത്രങ്ങൾ
പൗരത്വ പ്രക്ഷോഭ കാലത്തും ഏറ്റവും അവസാനം കോവിഡ് മഹാമാരിയിലും കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഫോട്ടോഗ്രാഫർ കൂടിയാണ് ഡാനിഷ് സിദ്ദീഖി. ഡൽഹിയിലടക്കം പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന സമരക്കാർക്കെതിരെ നടന്ന പൊലീസ് തേർവാഴ്ചകളുടെ ചിത്രം പുറത്തെത്തിച്ചു. സമരത്തിനിടെ വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപചിത്രങ്ങളും തത്സമയം അന്താരാഷ്ട്ര മാധ്യമങ്ങൾക്കു നൽകി. ഡൽഹി കലാപത്തിനിടെ സിദ്ദീഖി പകർത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്സ് തിരഞ്ഞെടുത്തിട്ടുണ്ട്.
കോവിഡ് മഹാമാരിക്കിടയിലെ ഇന്ത്യയില്‍നിന്നുള്ള യഥാർത്ഥ ചിത്രങ്ങൾ കൃത്യമായി അന്താരാഷ്ട്ര മാധ്യമങ്ങളിലെത്തിച്ചതും സിദ്ദീഖിയായിരുന്നു. ഡൽഹി ശ്മശാനത്തിൽ മൃതദേഹങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നതിന്റെ ഡ്രോൺ കാമറാചിത്രം ഇന്ത്യയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തിരിച്ചു. കോവിഡ് മഹാമാരി ഇന്ത്യയെ എത്രമാത്രം വിഴുങ്ങിയിട്ടുണ്ടെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു ആ ചിത്രം. സിദ്ദീഖിയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിറകെയായിരുന്നു വാഷിങ്ടൺ പോസ്റ്റ്, ബിബിസി, സിഎൻഎൻ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യ കോവിഡ് കണക്കുകൾ മറച്ചുവയ്ക്കുന്നതിന്റെ വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ കശ്മീർ ഉപരോധവും സിദ്ദീഖി കാമറയിലാക്കി. രണ്ടുവർഷം മുൻപ് പ്രത്യേക പദവി എടുത്തുകളഞ്ഞതിനുശേഷം വാർത്താവിനിമയ മാർഗങ്ങളെല്ലാം വിച്ഛേദിച്ചും ഗതാഗത മാര്‍ഗങ്ങള്‍ അടച്ചും മാസങ്ങളോളം കശ്മീരിനെ കേന്ദ്രം പൂട്ടിയിട്ടപ്പോഴും സിദ്ദീഖി അവിടെയെത്തി. അതുവരെ പുറംലോകം അറിയാതിരുന്ന കശ്മീരിലെ യഥാര്‍ത്ഥ ദുരിതചിത്രങ്ങള്‍ പകർത്തി പുറത്തുവിട്ടു.
അന്ത്യവും സംഘർഷഭൂമിയിൽ
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഏഷ്യൻ വൻകരയിലെ ദുരന്ത, സംഘര്‍ഷ ഭൂമികളിലായിരുന്നു സിദ്ദീഖിയുടെ ജീവിതം. ഒടുവിൽ ജീവിതനിയോഗം പോലെ അന്ത്യവും മറ്റൊരു സംഘർഷ ഭൂമിയിലായി.
യുഎസ്-നാറ്റോ സൈന്യങ്ങൾ പിന്മാറിയ ശേഷം അഫ്ഗാനിസ്താനിൽ താലിബാൻ ആരംഭിച്ച സൈനിക നടപടികൾ റിപ്പോർട്ട് ചെയ്യാന്‍ പോയതായിരുന്നു ഡാനിഷ് സിദ്ദീഖി. ചൊവ്വാഴ്ചയായിരുന്നു അവസാനമായി മേഖലയിൽനിന്ന് സിദ്ദീഖി ചിത്രം പകർത്തി പുറത്തുവിട്ടത്. കാണ്ഡഹാറിലെ താലിബാൻ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
THREAD.
— Danish Siddiqui (@dansiddiqui) July 13, 2021
Afghan Special Forces, the elite fighters are on various frontlines across the country. I tagged along with these young men for some missions. Here is what happened in Kandahar today while they were on a rescue mission after spending the whole night on a combat mission. pic.twitter.com/HMTbOOtDqN
Got a 15 minute break during almost 15 hours of back to back missions. pic.twitter.com/Y33vJYIUlr
— Danish Siddiqui (@dansiddiqui) July 13, 2021
അഫ്ഗാൻ സൈന്യത്തോടൊപ്പമായിരുന്നു സിദ്ദീഖ് ഫോട്ടോ പകർത്താൻ ഓരോ സ്ഥലങ്ങളിലും പോയത്. ഇതിനിടെ ഇവർ സഞ്ചരിച്ച സൈനിക വാഹനത്തിനുനേരെ താലിബാന്റെ ആക്രമണവുമുണ്ടായി. വാഹനത്തിനുനേരെ മൂന്നു തവണയാണ് സംഘം നിറയൊഴിച്ചത്. റോക്കറ്റ് വാഹനത്തിന്റെ പതിക്കുന്നതിന്റെ ദൃശ്യംവരെ അദ്ദേഹം പകർത്തിയിട്ടുണ്ട്. ഭാഗ്യം കൊണ്ട് താൻ സുരക്ഷിതനാണെന്നും സൈനിക വാഹനത്തിനുനേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ കഴിഞ്ഞെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 15 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ കിട്ടിയ 15 മിനിറ്റ് നേരത്തെ വിശ്രമവേളയെന്നു പറഞ്ഞു സൈന്യത്തോടൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു അദ്ദേഹം. ഒടുവിൽ താലിബാൻ ആക്രമണത്തിൽ തന്നെ അദ്ദേഹത്തിന്റെ അന്ത്യവും സംഭവിച്ചു. സിദ്ദീഖി കൊല്ലപ്പെട്ട വിവരം അഫ്ഗാനിസ്താനിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
Adjust Story Font
16