Quantcast

'ഒന്നു തൊടാന്‍ പോലും കഴിഞ്ഞില്ല, കീര്‍ത്തിചക്ര മരുമകള്‍ കൊണ്ടുപോയി'; ആരോപണങ്ങളുമായി ക്യാപ്റ്റന്‍ അന്‍ഷുമാന്‍റെ മാതാപിതാക്കള്‍

ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്ന മകന്‍റെ ഫോട്ടോ മാത്രമാണ് തങ്ങളുടെ പക്കല്‍ അവശേഷിക്കുന്നതെന്നും ഇരുവരും ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    12 July 2024 7:02 AM GMT

Smriti Singh
X

ഡല്‍ഹി: സിയാച്ചിനില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്‍റെ ഭാര്യ സ്മൃതി സിങ്ങിനെതിരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍. തങ്ങളുടെ മരുമകള്‍ വീടുവിട്ടുപോയെന്നും മകന്‍റെ മരണശേഷം ഇപ്പോള്‍ മിക്ക അവകാശങ്ങളും അവര്‍ക്കാണ് ലഭിക്കുന്നതെന്നും മാതാപിതാക്കളായ രവി പ്രതാപ് സിംഗും ഭാര്യ മഞ്ജു സിംഗും പറഞ്ഞു. ചുവരിലുള്ള മകന്‍റെ ഫോട്ടോ മാത്രമാണ് തങ്ങളുടെ പക്കല്‍ അവശേഷിക്കുന്നതെന്നും ഇരുവരും ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

സൈനികന്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള ഇന്ത്യന്‍ ആര്‍മിയുടെ എന്‍ഒകെ(NOK) നയത്തില്‍ മാറ്റം വരുത്തണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. മകന്‍റെ മരണശേഷം സ്മൃതി സിംഗ് തങ്ങളുടെ വീട് വിട്ടുപോയെന്നും എന്‍ഒകെയുടെ മാനദണ്ഡം ശരിയല്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായും ഇക്കാര്യം സംസാരിച്ചതായും ഇരുവരും വ്യക്തമാക്കി. ''അൻഷുമാൻ്റെ ഭാര്യ ഇപ്പോൾ ഞങ്ങളുടെ കൂടെയില്ല. അവരുടെ വിവാഹം കഴിഞ്ഞിട്ട് ആകെ അഞ്ചുമാസമെ ആയിട്ടുള്ളൂ. കുട്ടിയില്ല. മാലയിട്ട് ചുമരിൽ തൂക്കിയിട്ടിരിക്കുന്ന മകൻ്റെ ഫോട്ടോ മാത്രമേ ഞങ്ങളുടെ പക്കലുള്ളൂ'' രവി പ്രതാപ് സിങ് ടിവി 9 ഭാരത‍വര്‍ഷക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മറ്റ് മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്നും മാതാവ് ആവശ്യപ്പെട്ടു. ജൂലൈ 5-ന് രാഷ്ട്രപതി മരണാന്തര ബഹുമതിയായി തന്‍റെ മകന് സമ്മാനിച്ച കീര്‍ത്തി ചക്ര പോലും കൈവശം വയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് രവി പ്രതാപ് സിംഗ് ആരോപിക്കുന്നു. "എല്ലാവരും അവരവരുടെ ചിന്തകൾക്കനുസരിച്ച് സംസാരിക്കും. എനിക്കൊന്നും പറയാനില്ല'' ആരോപണങ്ങളോട് പ്രതികരിച്ച സ്മൃതി സിങ് ദൈനിക് ഭാസ്‌കറിനോട് പറഞ്ഞു.

2023 ജൂലൈ 19 പുലര്‍ച്ചെ മൂന്നരയോടെ സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് ക്യാപ്റ്റൻ അൻഷുമാൻ സിങ് വീരമൃത്യു വരിച്ചത്. ബങ്കറിനുള്ളില്‍ അകപ്പെട്ട ജവാന്‍മാരെ രക്ഷിക്കുന്നതിനിടെയാണ് അന്‍ഷുമാന്‍ സിങ്ങിന്‍റെ ജീവന്‍ പൊലിഞ്ഞത്. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചിരുന്നു. എട്ടുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു അന്‍ഷുമാന്‍റെയും സ്മൃതിയുടെയും വിവാഹം.വിവാഹം കഴിഞ്ഞ് രണ്ട് മാസമായപ്പോഴേക്കും അന്‍ഷുമാന് സിയാച്ചിനില്‍ പോകേണ്ടിവന്നു. ഒരുമിച്ചുള്ള ജീവിതം ആരംഭിച്ച് അഞ്ച് മാസത്തിനു ശേഷമായിരുന്നു പ്രിയതമന്‍റെ മരണവാര്‍ത്ത സ്മൃതിയെ തേടിയെത്തുന്നത്.

TAGS :

Next Story