ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളി; ഡാനിഷ് ചിക്‌ന മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ
കേസിൽ പൊലീസ് തിരയുന്ന സുപ്രധാന പ്രതിയായിരുന്നു ഡാനിഷ്
മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്‌ന എന്ന ഡാനിഷ് മർച്ചന്റ് മയക്കുമരുന്ന് കേസിൽ മുംബൈയിൽ അറസ്റ്റിൽ. ഡോംഗ്രി മേഖലയിലെ ദാവൂദിന്റെ മയക്കുമരുന്ന് ഇടപാടുകൾ കൈകാര്യം ചെയ്യുന്നത് ഡാനിഷെന്നാണ് ആരോപണം. ഇയാളോടൊപ്പം കൂട്ടാളിയായ കാദർ ഗുലാം ഷെയ്ക്കും പിടിയിലായി.
കേസിൽ പൊലീസ് തിരയുന്ന സുപ്രധാന പ്രതിയായിരുന്നു മെർച്ചൻ്റ്. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം മുഹമ്മദ് ആഷികുർ സാഹിദുർ റഹ്മാൻ, റെഹാൻ ഷക്കീൽ അൻസാരി എന്നീ രണ്ട് വ്യക്തികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
നവംബർ എട്ടിന് മറൈൻ ലൈൻസ് സ്റ്റേഷന് സമീപം 144 ഗ്രാം മയക്കുമരുന്നുമായി റഹ്മാൻ പിടിക്കപ്പെട്ടു. ചോദ്യം ചെയ്യലിൽ, അൻസാരിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് റഹ്മാൻ വെളിപ്പെടുത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അൻസാരിയെ അറസ്റ്റ് ചെയ്യുകയും 55 ഗ്രാം മയക്കുമരുന്ന് കൂടി പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഡാനിഷ് മർച്ചന്റും മറ്റൊരു കൂട്ടാളിയായ ഖാദിർ ഫാന്റയും ചേർന്നാണ് മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് അൻസാരി വെളിപ്പെടുത്തുകയായിരുന്നു.
ഇരുവർക്കും വേണ്ടി ആഴ്ചകളായി പൊലീസ് തിരച്ചിൽ നടത്തിവരുകയായിരുന്നു. ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഡിസംബർ 13ന് ഡോംഗ്രി പ്രദേശത്ത് ഇരുവരും ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ഓപറേഷനിലൂടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് റാക്കറ്റിൽ പങ്കുണ്ടെന്ന് ഇരുവരും സമ്മതിച്ചു.
2019-ൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ദാവൂദിന്റെ ഡോംഗ്രിയിലെ മയക്കുമരുന്ന് ഫാക്ടറിയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ആ സമയത്ത്, മർച്ചന്റ് രാജസ്ഥാനിൽ അറസ്റ്റിലായി. തുടർന്ന് ഈയിടെയാണ് ജയിൽ മോചിതനായത്.
Adjust Story Font
16