ബി.ജെ.പിയിൽ ചേർന്നാൽ ദാവൂദ് ഒറ്റരാത്രികൊണ്ട് വിശുദ്ധനാകും: ഉദ്ധവ് താക്കറെ
'വിലക്കയറ്റത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ'
മുംബൈ: ഗുണ്ടാത്തലവന്‍ ദാവൂദ് ഇബ്രാഹിം പോലും ബി.ജെ.പിയിൽ ചേർന്നാൽ ഒറ്റരാത്രികൊണ്ട് വിശുദ്ധനാക്കപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന ഒരു മെഗാ റാലിയിലാണ് ഉദ്ധവ് താക്കറെ ബി.ജെ.പിയെ കടന്നാക്രമിച്ചത്.
' അവർ ഇപ്പോൾ ദാവൂദിന്റെയും സഹായികളുടെയും പിന്നിലാണ്. എന്നാൽ ദാവൂദ് ബി.ജെ.പിയിൽ ചേർന്നാൽ ഒറ്റരാത്രികൊണ്ട് വിശുദ്ധനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്'. ഉദ്ധവ് താക്കറെ പറഞ്ഞു. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികൾ ഒളിവിൽ കഴിഞ്ഞിരുന്ന 20 ഓളം സ്ഥലങ്ങളിൽ ഈ ആഴ്ച ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡുകൾ നടത്തിയിരുന്നു.
രാജ്യത്തെ വിലക്കയറ്റത്തിന്റെ പേരിലും കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനമാണ് താക്കറെ ഉന്നയിച്ചത്. 'മോദി ജി റേഷൻ നൽകിയിട്ടുണ്ട്, പക്ഷേ ഞങ്ങൾ അരി പച്ചയ്ക്ക് കഴിക്കണോ? സിലിണ്ടർ നിരക്ക് കുതിച്ചുയരുമ്പോൾ എങ്ങനെ പാചകം ചെയ്യും? വിലക്കയറ്റത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ല, ശ്രീലങ്കയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ, അവിടെ നിന്ന് പാഠം പഠിക്കൂ' എന്നും അദ്ദേഹം പറഞ്ഞു.
'അടൽ ബിഹാരി വാജ്പേയി ഒരിക്കൽ കാളവണ്ടിയിൽ പാർലമെന്റിൽ പോയത് ഇന്ധനവില ഏഴ് പൈസ വർധിപ്പിച്ചതുകൊണ്ടാണ്. ഇപ്പോൾ ഇന്ധനവില നോക്കൂ. അടൽ ബിഹാരി വാജ്പേയിയുടെ കാലത്തെപ്പോലെയല്ല ബിജെപി' താക്കറെ പറഞ്ഞു.
ബി.ജെ.പിയേക്കാൾ മികച്ചത് ശിവസേനയുടെ ഹിന്ദുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. 'ചില വ്യാജ ഹിന്ദുത്വവാദികൾ നമ്മുടെ രാജ്യത്തെ വഴിതെറ്റിക്കുന്നു. ക്ഷേത്രങ്ങളിൽ മണി മുഴക്കുന്ന ഹിന്ദുക്കളെ ആവശ്യമില്ലെന്ന് ബാലാസാഹെബ് താക്കറെ പഠിപ്പിച്ചിട്ടുണ്ട്. തീവ്രവാദികളെ തല്ലാൻ കഴിയുന്ന ഹിന്ദുക്കളെയാണ് ഞങ്ങൾക്ക് വേണ്ടത്. ഹിന്ദുത്വത്തിനുവേണ്ടി നിങ്ങൾ എന്താണ് ചെയ്‌തെന്ന് പറഞ്ഞു. നിങ്ങൾ ബാബരിയെ താഴെയിറക്കിയിട്ടില്ല. അത് ചെയ്തത് ഞങ്ങളുടെ ശിവസൈനികരാണ്... ഞങ്ങളുടെ സിരകളിൽ കാവി ചോരയുണ്ട്. ഞങ്ങളെ വെല്ലുവിളിക്കാൻ ശ്രമിക്കരുതെന്നും ഉദ്ധവ് താക്കറെ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
Adjust Story Font
16