ഡി.സി.സി പുനസ്സംഘടന വഷളാക്കിയത് താരിഖ് അൻവര്‍; സോണിയ ഗാന്ധിക്ക് പരാതി നല്‍കി എ, ഐ ഗ്രൂപ്പുകള്‍
കേരളത്തിലെ മുതിർന്ന നേതാക്കളുമായി താരിഖ് അൻവർ വേണ്ടത്ര കൂടിയാലോചന നടത്തിയിരുന്നെങ്കിൽ കോൺഗ്രസിലെ പൊട്ടിത്തറി ഒഴിവാക്കുമായിരുന്നുവെന്ന വിലയിരുത്തലാണ് ഗ്രൂപ്പുകൾക്ക്.
എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറിനെ കേരളത്തിന്റെ ചുമതലയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ, ഐ ഗ്രൂപ്പുകള്‍ സോണിയ ഗാന്ധിയ്ക്ക് പരാതി നല്‍കി. ഡി.സി.സി പുനസ്സംഘടന വഷളാക്കിയത് താരിഖ് അൻവറാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ 14 ജില്ലകളിൽ നിന്നും സോണിയ ഗാന്ധിയ്ക്ക് പരാതി അയച്ചത്. കേരളത്തിലെ കോൺഗ്രസിൽ വിഭാഗീയത ഉണ്ടാക്കാൻ താരിഖ് അൻവർ ശ്രമിക്കുന്നുവെന്നും കത്തിൽ ആരോപണമുണ്ട്.
കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളില്ലെന്നും പുനസ്സംഘടന സംബന്ധിച്ച് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും താരിഖ് അൻവർ പറയുമ്പോഴാണ് എ, ഐ ഗ്രൂപ്പുകൾ പരാതി ഉയർത്തുന്നത്. ഡി.സി.സി പുനസ്സംഘടന സമയത്ത് തന്നെ താരിഖ് അൻവറിനോടുള്ള അതൃപ്തി എ, ഐ ഗ്രൂപ്പുകൾ പ്രകടമാക്കിയിരുന്നു.
പുനസ്സംഘടന ചർച്ചകൾ കേരളത്തിലെ മുതിർന്ന നേതാക്കളുമായി താരിഖ് നടത്തിയില്ലെന്ന ആരോപണവും കത്തില്‍ പറയുന്നു. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും കൂടിയാലോചന നടത്താമെന്ന വാക്ക് താരിഖ് അൻവർ പാലിച്ചില്ല. സംസ്ഥാന നേതൃത്വം വേണ്ടത്ര കൂടിയാലോചന നടത്തുന്നില്ലെന്ന പരാതിയിൽ ഇടപെടാമെന്ന് താരിഖ് ഉറപ്പ് നൽകിയിരുന്നുവെന്നും കത്തിൽ പറയുന്നുണ്ട്.
കേരളത്തിലെ കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടെന്ന് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുമ്പോൾ താരിഖ് അൻവർ നിസംഗത തുടരുകയാണെന്നും കേരളത്തിലെ പ്രവർത്തകരുടെ വികാരം മാനിക്കുന്നില്ലെന്നും സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തുകളിൽ ഗ്രൂപ്പുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ മുതിർന്ന നേതാക്കളുമായി താരിഖ് അൻവർ വേണ്ടത്ര കൂടിയാലോചന നടത്തിയിരുന്നെങ്കിൽ കോൺഗ്രസിലെ പൊട്ടിത്തറി ഒഴിവാക്കുമായിരുന്നുവെന്ന വിലയിരുത്തലാണ് ഗ്രൂപ്പുകൾക്ക്.
Adjust Story Font
16