ഉസ്‌ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം; പരാതിയുയർന്ന മരുന്നിന്‍റെ നിർമ്മാണം നിർത്തി വെച്ചെന്ന് മരിയോൺ ബയോടെക്
ഇന്ത്യൻ നിർമ്മിത സിറപ്പ് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബെക്കിസ്താൻ ആരോഗ്യമന്ത്രാലയമാണ് ആരോപണമുന്നയിച്ചത്
ഡല്‍ഹി: ചുമക്കുള്ള സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചെന്ന് പരാതിയുയർന്ന മരുന്നിന്‍റെ നിർമ്മാണം നിർത്തി വെച്ചെന്ന് നിർമ്മാണ കമ്പനിയായ മരിയോൺ ബയോടെക്. ഇന്ത്യൻ നിർമ്മിത സിറപ്പ് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബെക്കിസ്താൻ ആരോഗ്യമന്ത്രാലയമാണ് ആരോപണമുന്നയിച്ചത്. വിഷയം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.സി.ജി.ഐക്ക് നിർദേശം നൽകി.
മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 21 ൽ 18 കുട്ടികളും ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ചു. കഫ് സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷപദാർഥത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും ആരോപണമുണ്ട്.
സംഭവത്തിൽ ഡി.സി.ജി.ഐ മരിയോൺ ബയോടെക്കിൽ നിന്ന് റിപ്പോർട്ട് തേടി. ഡോക്-1 മാക്‌സ് സിറപ്പിന്‍റെ നിർമ്മാണം നിർത്തിവച്ചതായി മരിയോൺ ബയോടെക് അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബി.ജെ.പി വാക്ക്പോര് ശക്തമായി. മരുന്ന് നിര്‍മാണം സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വീമ്പിളക്കല്‍ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.
പ്രധാനമന്ത്രിയോടുള്ള വിദ്വേഷത്തിവ പേരിൽ കോൺഗ്രസ് രാജ്യത്തെ അപമാനിക്കുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ഒക്ടോബറില്‍ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയര്‍ന്നിരുന്നു
Adjust Story Font
16