Quantcast

അഖാഡ പരിഷത് അധ്യക്ഷന്‍റെ മരണം; മഠത്തിലെ സിസി ടി വി ദൃശ്യങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്, ജീവനക്കാരെ ചോദ്യം ചെയ്യും

സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശിപാർശ നൽകിയ സാഹചര്യത്തിൽ കേസ് ഉടൻ സി ബി ഐ ഏറ്റെടുത്തേക്കും

MediaOne Logo

Web Desk

  • Updated:

    2021-09-24 02:24:43.0

Published:

24 Sep 2021 2:19 AM GMT

അഖാഡ പരിഷത് അധ്യക്ഷന്‍റെ മരണം; മഠത്തിലെ സിസി ടി വി ദൃശ്യങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്, ജീവനക്കാരെ ചോദ്യം ചെയ്യും
X

അഖാഡ പരിഷത്ത് അധ്യക്ഷൻ മഹന്ത്‌ നരേന്ദ്രഗിരിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രയാഗ് രാജിലെ മഠത്തിലെ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കാൻ ഒരുങ്ങി പൊലീസ്. ഈ വർഷം ജനുവരി മുതലുള്ള ദൃശ്യങ്ങളായിരിക്കും ശേഖരിക്കുക. കൂടാതെ മഠത്തിലെ ജീവനക്കാരെയും പൊലീസ് ചോദ്യം ചെയ്യും.

സിബിഐ അന്വേഷണത്തിന് യുപി സർക്കാർ ശിപാർശ നൽകിയ സാഹചര്യത്തിൽ കേസ് ഉടൻ സി ബി ഐ ഏറ്റെടുത്തേക്കും. നിലവിൽ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

മുൻ ശിഷ്യന്മാരായ ആനന്ദ് ഗിരി, ആദ്യ തിവാരി,ഇദ്ദേഹത്തിന്‍റെ മകൻ സന്ദീപ് തിവാരി എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആനന്ദ് ഗിരിയും ആദ്യ തിവാരിയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്. നരേന്ദ്ര ഗിരിയുടെ ആത്മഹത്യാ കുറിപ്പിൽ ഇവരുടെ പേരുകൾ ഉൾപ്പെട്ടിരുന്നു.

പ്രമുഖ ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരിയെ പ്രയാഗ്‍രാജിലെ ബഘാംബരി മഠത്തില്‍ സെപ്തംബര്‍ 20നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അനുയായികളെ കുറ്റപ്പെടുത്തിയുള്ള ആത്മഹത്യാക്കുറിപ്പാണ് ലഭിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നരേന്ദ്ര ഗിരിയും ആനന്ദ് ഗിരിയും തമ്മില്‍ പരസ്യമായ തർക്കമുണ്ടായിരുന്നു. ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ഇരുവിഭാഗവും പരസ്പരം ആരോപിക്കുകയുണ്ടായി. അഖാഡ പാരമ്പര്യത്തിന് വിരുദ്ധമായി കുടുംബവുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ആനന്ദ് ഗിരിയെ പുറത്താക്കിയെന്ന് നേരത്തെ നരേന്ദ്ര ഗിരി പറയുകയുണ്ടായി.

2016ലാണ് നരേന്ദ്ര ഗിരി ആദ്യമായി അഖാഡ പരിഷത്തിന്‍റെ തലവനായി ചുമതലയേറ്റത്. അദ്ദേഹത്തിന്‍റെ കാലത്താണ് പരിഷത്ത് വ്യാജ സന്യാസിമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 2019ൽ ഗിരി രണ്ടാം തവണയും പരിഷത്തിന്‍റെ തലവനായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളിൽ നരേന്ദ്ര ഗിരി അഭിപ്രായങ്ങള്‍ പറയാറുണ്ടായിരുന്നു. അയോധ്യ കേസിലെ സുപ്രീംകോടതി വിധിക്ക് പിന്നാലെ രാമജന്മഭൂമിയുടെ മാതൃകയില്‍ വരാണസിയിലെയും മഥുരയിലെയും 'ക്ഷേത്രങ്ങളും മോചിപ്പിക്കണം' എന്ന പ്രമേയം പാസാക്കുകയും ചെയ്തു.

TAGS :

Next Story