വനിതാ ഡോക്ടറുടെ മരണം: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ സൗജന്യ ഒ.പി നടത്താൻ ഡോക്ടർമാർ
ആർജി കർ ആശുപത്രി പരിസരത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്നും ആവശ്യം
കൊൽക്കത്ത: കൊൽക്കത്തയിൽ വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധ ഒ.പി യുമായി ഡോക്ടർമാർ. ഡൽഹിയിലെ ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ സൗജന്യ ഒ.പി നടത്താനാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ തീരുമാനം. കൊൽക്കത്ത ആർജി കർ ആശുപത്രി പരിസരത്തെ നിരോധനാജ്ഞ പിൻവലിക്കണമെന്ന് ബംഗാളിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷണ പുരോഗതി അറിയിക്കണമെന്ന ആവശ്യവും ഡോക്ടർമാർ മുന്നോട്ടുവെച്ചിട്ടുണ്ട്. സംഭവത്തിൽ നിയമനടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിഷേധിക്കുന്ന ഡോക്ടർമാർ കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
സംഭവത്തിൽ രാജ്യവ്യപാകമായി പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ രാത്രി വൈകിയും കൊൽക്കത്തയിൽ പ്രതിഷേധമുയർന്നു. റെസിഡൻറ് ഡോക്ടർമാരുടെയും പിജി വിദ്യാർഥികളുടെയും നേതൃത്വത്തിൽ ഡൽഹിയിലും പ്രതിഷേധ റാലി നടന്നു.അതിനിടെ സി.ബി.ഐ സംഘം ആർജി കർ ആശുപത്രിയുടെ ഡിജിറ്റൽ മാപ്പ് തയ്യാറാക്കി. അതേസമയം പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ഒരുങ്ങുകയാണ് ബംഗാൾ ഗവർണർ സി. വി .ആനന്ദബോസ്.
കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ടിഎംസിയിൽ ഉണ്ടായ തമ്മിലടി മമതാ സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്. ആശുപത്രി ആക്രമണത്തിൽ തൃണമൂൽ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടതും ബിജെപി ആയുധമാക്കുകയാണ്. അതിനിടെ സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായും തകർന്നന്ന് ആവർത്തിച്ച ഗവർണർ ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാൻ ഒരുങ്ങുകയാണ്. അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണ പരിശോധനയ്ക്കായി സിബിഐ തയ്യാറെടുക്കുകയാണ്. ശാസ്ത്രീയ അന്വേഷണത്തിന് തെളിവ് ശേഖരിക്കുകയാണ് സി.ബി.ഐ സംഘം. അതേസമയം പെൺകുട്ടിയുടെ മൃതശരീരം സംസ്കരിക്കുന്നതിന് തിടുക്കം കാട്ടിയത് തെളിവുകൾ നശിപ്പിക്കാൻ ആണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. ഇന്നലെ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ കുടുംബം വലിയ വിമർശനം ഉയർത്തിയിരുന്നു.
Adjust Story Font
16