'നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകം'; പുടിനോട് മോദി
യുദ്ധമായാലും സംഘർഷമായാലും ഭീകരാക്രമണമായാലും ജീവൻ നഷ്ടപ്പെടുന്നത് മാനവികതയിൽ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നതാണെന്നും മോദി പറഞ്ഞു.
മോസ്‌കോ: നിരപരാധികളായ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് ഹൃദയഭേദകവും വേദനാജനകവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നതിലെ ആശങ്കപങ്കുവച്ചത്. യുദ്ധമായാലും സംഘർഷമായാലും ഭീകരാക്രമണമായാലും ജീവൻ നഷ്ടപ്പെടുന്നത് മാനവികതയിൽ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നതാണ്. പക്ഷേ നിഷ്‌കളങ്കരായ കുട്ടികൾ കൊല്ലപ്പെടുമ്പോൾ അത് ഹൃദയഭേദകവും അത്യന്തം വേദനാജനകവുമാണ്-മോദി പറഞ്ഞു.
കിയവിലെ കുട്ടികളുടെ പ്രധാനപ്പെട്ട ആശുപത്രി റഷ്യ ആക്രമിച്ചതായി തിങ്കളാഴ്ച യുക്രൈൻ ആരോപിച്ചിരുന്നു. രാജ്യത്തെ മറ്റു നഗരങ്ങളിലും റഷ്യ വ്യാപകമായ ആക്രമണം നടത്തിയെന്നും 41 സിവിലിയൻമാർ കൊല്ലപ്പെട്ടെന്നും യുക്രൈൻ ആരോപിച്ചു. എന്നാൽ സിവിലിയൻമാരെ കൊലപ്പെടുത്തിയെന്ന ആരോപണം റഷ്യ നിഷേധിച്ചു.
ഒരു സുഹൃത്ത് എന്ന നിലയിൽ സമാധാനമാണ് പരമപ്രധാനമെന്ന് എപ്പോഴും പുടിനെ ഓർമിപ്പിക്കാറുണ്ടെന്നും മോദി പറഞ്ഞു. ബോംബുകൾക്കും തോക്കുകൾക്കുമിടയിൽ സമാധാനമുണ്ടാകില്ല. ചർച്ചകളിലൂടെ മാത്രമേ സമാധാനം പുനഃസ്ഥാപിക്കാനാവൂ എന്നും മോദി പറഞ്ഞു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാ വിധത്തിലും സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം പുടിനെ അറിയിച്ചു.
Adjust Story Font
16