ബംഗളൂരുവിൽ പടക്കകടയ്ക്ക് തീപിടിച്ച് 14 പേർ മരിച്ചു
ബംഗളൂരു-തമിഴ്നാട് അതിർത്തിയിൽ അത്തിബെലെയിലെ പടക്കകടയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്
ബംഗളൂരു: ബംഗളൂരുവിൽ പടക്കകടയ്ക്ക് തീപിടിച്ച് 14 പേർ മരിച്ചു. ബംഗളൂരു-തമിഴ്നാട് അതിർത്തിയിൽ അത്തിബെലെയിലെ പടക്കകടയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. നൂറോളം അഗ്നിരക്ഷാ പ്രവർത്തകർ രാത്രി വൈകിയും നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തീ അണയ്ക്കാനായത്.
12 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. രണ്ട് പേർ ഇന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനത്തിൽ നിന്ന് പടക്ക പെട്ടികൾ ഇറക്കുന്നതിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം. നവരാത്രിയും ദീപാവലിയും പ്രമാണിച്ച് പടക്കങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. തീപിടുത്തത്തിൽ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ ഇരുപതോളം പേർ സ്ഥലത്തുണ്ടായിരുന്നതായും മരിച്ചവരെ തിരിച്ചറിയാൻ ശ്രമം ആരംഭിച്ചതായും ബംഗളൂരു റൂറൽ എസ്പി മല്ലികാർജുന ബലഡൻഡി പറഞ്ഞു. തീപിടിത്തം ഉണ്ടാകുമ്പോൾ ചില ജീവനക്കാർ കടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ധർമപുരി ജില്ലയിലെ അമ്മൽപേട്ട, തിരുപ്പത്തൂരിലെ വാണിയമ്പാടി, തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലകളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ ഏറെപ്പേരുമെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ കടയുടമ ഉൾപ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അപകടം നടന്ന സ്ഥലം മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Adjust Story Font
16