Quantcast

കേന്ദ്രസർക്കാറിനെതിരായ അവിശ്വാസപ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച

ലോക്സഭാ അംഗത്വം തിരികെ നേടിയ രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നേതൃത്വം നൽകുക

MediaOne Logo

Web Desk

  • Updated:

    8 Aug 2023 3:40 AM

Published:

8 Aug 2023 12:50 AM

കേന്ദ്രസർക്കാറിനെതിരായ അവിശ്വാസപ്രമേയത്തിൽ പാർലമെന്റിൽ ഇന്ന് ചർച്ച
X

ന്യൂഡല്‍ഹി: കേന്ദ്രസർക്കാരിനെതിരായ അവിശ്വാസപ്രമേയം പാർലമെന്റ് ഇന്ന് ചർച്ച ചെയ്യും. ലോക്സഭാ അംഗത്വം തിരികെ നേടിയ രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നേതൃത്വം നൽകുക. മറ്റന്നാൾ പ്രധാനമന്ത്രി അവിശ്വാസ പ്രമേയത്തിൻമേൽ നടക്കുന്ന ചർച്ചകൾക്ക് മറുപടി നൽകും.

വർഷകാല സമ്മേളനത്തിനായി പാർലമെന്റ് ചേർന്ന് പന്ത്രണ്ടാം ദിവസമാണ് പ്രതിപക്ഷ നിര ഒറ്റക്കെട്ടായി നൽകിയ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നത്. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി സഭയിലെത്തി മറുപടി നൽകണമെന്ന് പ്രതിപക്ഷ ആവശ്യം നിരന്തരമായി അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് അവിശ്വാസപ്രമേയത്തിലേക്ക് കാര്യങ്ങൾ നീങ്ങിയത്.

26 പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രൂപീകരിച്ച ഇൻഡ്യ മുന്നണിക്ക് വേണ്ടി ലോക്സഭയിലെ കോൺഗ്രസ് ഉപകക്ഷി നേതാവ് ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി തേടിയത്. സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി നേടി തിരിച്ചെത്തിയ രാഹുൽഗാന്ധി ആകും അവിശ്വാസപ്രമേ ചർച്ചയിൽ ഇൻഡ്യ മുന്നണിയുടെ വജ്രായുധം. അവിശ്വാസപ്രമേയം പരാജയപ്പെട്ടാലും പ്രധാനമന്ത്രിയെ സഭയിൽ എത്തിക്കുക എന്ന പ്രതിപക്ഷ ആവശ്യമാണ് മൂന്നു ദിവസം നീളുന്ന അവിശ്വാസ പ്രമേയ ചർച്ചയിലൂടെ ലക്ഷ്യം കാണാൻ പോകുന്നത്.

അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ ബി.ജെ.പി പാർലമെന്ററി യോഗം ചേരുന്നുണ്ട്. വിശദീകരണം ആഭ്യന്തരമന്ത്രി നൽകാമെന്ന് കേന്ദ്രസർക്കാർ നിലപാട് തള്ളിയ പ്രതിപക്ഷത്തെ ഏത് വിധേനയും പ്രതിരോധിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മണിപ്പൂരിനൊപ്പം ഹരിയാനയിലെ സംഘർഷങ്ങൾ കൂടി ഉയർത്തി കാട്ടി രാജ്യത്ത് നിലനിൽക്കുന്ന അരക്ഷിതാവസ്ഥ ലോക്സഭയിൽ ചർച്ചയാക്കാൻ ആണ് പ്രതിപക്ഷത്തിൻ്റെ നീക്കം. തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും കേന്ദ്രസർക്കാരിൻ്റെ വീഴ്ചയായി പ്രതിപക്ഷം ചർച്ചയിൽ ഉയർത്തിക്കൊണ്ട് വരും.

TAGS :

Next Story