ഇ.ഡി റെയ്‍ഡുകളെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം
കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഘടക കക്ഷികളെ പോലെയാണ് പെരുമാറുന്നത് എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്
കോണ്‍ഗ്രസ്
ഡല്‍ഹി: സ്ഥാനാർഥികളുടെ അടക്കം വസതിയിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രേറ്റ് നടത്തുന്ന റെയ്ഡുകളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. കേന്ദ്ര ഏജൻസികൾ ബി.ജെ.പിയുടെ ഘടക കക്ഷികളെ പോലെയാണ് പെരുമാറുന്നത് എന്ന ആരോപണമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. രാജസ്ഥാൻ പി.സി.സി അധ്യക്ഷന്‍റെ വസതിയിൽ നടത്തിയ റെയ്ഡിൽ പ്രതിഷേധം വ്യപകമായി.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ ആദ്യം ഇ. ഡിയും പിന്നാലെ സി.ബി.ഐയും എത്തുമെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ എന്ന് പ്രതിപക്ഷം ഒറ്റകെട്ടായി ചൂണ്ടിക്കാട്ടുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് 11 ഇടങ്ങളിലാണ് ഇ.ഡി റെയ്‌ഡ് നടത്തിയത് . മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയ ഗോവിന്ദ് സിങ് ഡോട്ടസര തെരഞ്ഞെടുപ്പ് രംഗത്ത് മുഴുകി നിൽക്കുമ്പോഴാണ് വസതിയിൽ ഇ.ഡി എത്തിയത് . കണക്കിൽ പെടാത്ത 12 ലക്ഷം രൂപ പിടിച്ചെടുത്തെന്നും ഈ തുകയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയാണ് നടക്കുന്നതെന്നും ഇ.ഡി ചൂണ്ടിക്കാട്ടുന്നു . ചോദ്യം ചെയ്യലിന് ഹാജരാകാൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ മകൻ വൈഭവ് ഗെലോട്ടിനു ഇന്നലെ നോട്ടീസ് നൽകിയിരുന്നു . ഹാജരാകാൻ കൂടുതൽ സമയം ചോദിച്ചിട്ടുണ്ട് .
ജനങ്ങൾ ഈ പരിശോധനയുടെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും പരാജയഭീതി മൂലമാണ് ബി.ജെ.പി കേന്ദ്ര ഏജൻസികളെ നിയോഗിക്കുന്നത് എന്നുമാണ് കോൺഗ്രസ് നിലപാട്. ബി.ജെ.പിയിൽ ചേർന്നതോടെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അടക്കമുള്ള മുൻ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള അഴിമതി അന്വേഷണം നിലച്ചതായും ഇന്ത്യ മുന്നണി ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16