അപകടകാരികളായ നായ ഇനങ്ങളുടെ നിരോധനം: മൂന്നു മാസത്തിനകം തീരുമാനമെടുക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹൈക്കോടതി
പിറ്റ്ബുൾ, റോട്ട് വീലർ തുടങ്ങിയ ഇനം നായ്ക്കളെ വളർത്തുന്നതിന് ലൈൻസൻസ് നൽകുന്നെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹരജിയിലാണ് നടപടി
ന്യൂഡൽഹി: അപകടകാരികളായെ നായ ഇനങ്ങളെ നിരോധിക്കണമെന്ന കാര്യത്തിൽ മൂന്നുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്രസർക്കാറിന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. പിറ്റ് ബുൾ,റോട്ട് വീലർ,അമേരിക്കൻ ബുൾഡോഗ്,ടെറിയേഴ്‌സ്,നെപ്പോളിറ്റൻ മാസ്റ്റിഫ്, വുൾഫ് ഡോഗ്, ഇവയുടെ ക്രോസ് ബ്രീഡുകൾ തുടങ്ങിയ നായക്കളെ വളർത്തുന്നതിന് ലൈസൻസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹരജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ നിർദേശം.
ഇത്തരം ഇനങ്ങളെ വളർത്തുന്നതിനുള്ള ലൈൻസസ് റദ്ദാക്കണമെന്ന കാര്യത്തിൽ അടുത്ത മൂന്ന് മാസത്തിനുള്ളിൽ നിർണായക തീരുമാനമുണ്ടാകുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹരജി വേഗത്തിൽ തീർപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിരുന്നു.എന്നാൽ അധികൃതർ ആവശ്യമായ നടപടികളെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും ഹരജി നൽകിയത്.
അപകടസാധ്യത കണക്കിലെടുത്ത് ഈ ഇനങ്ങളിൽ ചിലതിനെ വളർത്തുന്നത് പല രാജ്യങ്ങളും ഇതിനകം നിരോധിച്ചിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു. രാജ്യത്തുടനീളം നായ്ക്കളുടെ കടിയേറ്റ സംഭവങ്ങൾ വർധിച്ചുവരുന്നതായും അപകടസാധ്യതകൾ ലഘൂകരിക്കാൻ വേഗത്തിൽ നടപടിയെടുക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു.
Adjust Story Font
16