രാജസ്ഥാൻ മുഖ്യമന്ത്രിയുടെ കാര്യത്തിൽ രണ്ടു ദിവസത്തിനകം തീരുമാനം; സച്ചിൻ പൈലറ്റ് സോണിയയെ കാണുന്നു
സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡ് നടത്തുന്നതെന്നാണ് സൂചന.
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി പദം സംബന്ധിച്ച കാര്യത്തിൽ രണ്ടു ദിവസത്തിനകം പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ആരൊക്കെ മത്സരിക്കുമെന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ നാളെ വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ പ്രതിസന്ധി സംബന്ധിച്ച് പരസ്യ പ്രതികരണം ഒഴിവാക്കണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിൽ പരസ്യ പ്രതികരണം നടത്തിയാൽ നടപടിയുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ സച്ചിൻ പൈലറ്റ് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹൈക്കമാൻഡ് നടത്തുന്നതെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സച്ചിൻ മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അന്ന് ഗെഹ്‌ലോട്ടിനാണ് നറുക്കുവീണത്. രണ്ടര വർഷത്തിന് ശേഷം ഗെഹ്‌ലോട്ട് മാറുമെന്നായിരുന്നു അന്ന് സച്ചിന് നൽകിയ വാഗ്ദാനം. എന്നാൽ മാറിക്കൊടുക്കാൻ ഗെഹലോട്ട് തയ്യാറായില്ല. സച്ചിൻ വിമത നീക്കം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇപ്പോൾ വീണ്ടും മുഖ്യമന്ത്രി പദം ലഭിക്കുമെന്ന ഘട്ടത്തിൽ അതും ഗെഹ്‌ലോട്ട് തന്ത്രപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തിയതിൽ സച്ചിന് കടുത്ത അതൃപ്തിയുണ്ട്.
ഡൽഹിയിലെത്തി സോണിയയെ കണ്ട ഗെഹ്‌ലോട്ട് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ മാപ്പ് പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് പദത്തിലേക്ക് മത്സരിക്കാനില്ലെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പദം സംബന്ധിച്ച് സോണിയാ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനായ താൻ നേതൃത്വം എടുക്കുന്ന എല്ലാ തീരുമാനങ്ങളും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16