ഇത് കോൺഗ്രസിന്റെ തോൽവി, ജനങ്ങളുടേതല്ല: മമതാ ബാനർജി
ഇൻഡ്യ മുന്നണിയെ കോൺഗ്രസ് അവഗണിച്ചതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് മമതയുടെ പ്രതികരണം.
കൊൽക്കത്ത: ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ വീഴ്ചക്ക് പിന്നാലെ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇത് കോൺഗ്രസിന്റെ തോൽവിയാണെന്നും ജനങ്ങളുടേതല്ലെന്നും മമത പറഞ്ഞു. ഇൻഡ്യ സഖ്യത്തെ കോൺഗ്രസ് അവഗണിച്ചതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് മമതയുടെ പ്രതികരണം.
തെലങ്കാനയിൽ കോൺഗ്രസ് വിജയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും അവർക്ക് വിജയിക്കാനാവുമായിരുന്നു. ഇൻഡ്യ മുന്നണിയിലെ പാർട്ടികൾക്കിടയിൽ വോട്ടുകൾ വിഭജിക്കപ്പെട്ടതാണ് തിരിച്ചടിയായത്. കൃത്യമായ സീറ്റ് വിഭജനം നടത്താൻ കോൺഗ്രസ് തയ്യാറായിരുന്നെങ്കിൽ ബി.ജെ.പിയെ തോൽപ്പിക്കാൻ കഴിയുമായിരുന്നു എന്നും മമത പറഞ്ഞു.
പ്രത്യയശാസ്ത്രത്തോടൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാൻ തന്ത്രങ്ങളും വേണം. കൃത്യമായ സീറ്റ് വിഭജനം നടത്തിയാൽ 2024ൽ ബി.ജെ.പിയെ പരാജയപ്പെടുത്താനാവുമെന്നും മമതാ ബാനർജി പറഞ്ഞു.
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇൻഡ്യ സഖ്യത്തെ അവഗണിച്ചതിനെതിരെ നേരത്തെ തന്നെ വിമർശനമുയർന്നിരുന്നു. മധ്യപ്രദേശിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ അപമാനിക്കുന്ന രീതിയിലാണ് കമൽനാഥ് പെരുമാറിയതെന്നും ആക്ഷേപമുണ്ട്. കോൺഗ്രസ് ദേശീയ നേതൃത്വവും ഇൻഡ്യ സഖ്യത്തിന് വലിയ പ്രാധാന്യം നൽകാൻ തയ്യാറായിരുന്നില്ല. ഇതിനിടെയാണ് മമത പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16