ചാന്ദ്രയാന്‍- 3; അടുത്തവര്‍ഷം മൂന്നാം പാദത്തോടെ വിക്ഷേപിക്കാന്‍ ഐ.എസ്.ആര്‍.ഒ നീക്കം
വിക്ഷേപണത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ശാസ്ത്ര- സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വൈകിയ ചന്ദ്രയാൻ- 3 ദൗത്യം പൂർത്തീകരിക്കാൻ പദ്ധതിയിട്ട് ഐ.എസ്.ആര്‍.ഒ. 2022ന്‍റെ മൂന്നാം പാദത്തോടെ ചന്ദ്രയാൻ- 3 വിക്ഷേപിക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ശാസ്ത്ര- സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ചന്ദ്രയാൻ- 3 ഈ വർഷം വിക്ഷേപിക്കാനായിരുന്നു നേരത്തേ പദ്ധതിയിട്ടിരുന്നത്. കോവിഡ് മഹാമാരിയാണ് ഇതിന് തടസമായത്. എന്നാല്‍, ലോക്ക്ഡൗണ്‍ കാലയളവില്‍ സാധ്യമായ നടപടിക്രമങ്ങള്‍ ശാസ്ത്രജ്ഞര്‍ പൂര്‍ത്തീകരിച്ചതായും മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ചാന്ദ്രദൗത്യത്തിനു പുറമെ ഐ.എസ്.ആർ.ഒയുടെ നിരവധി പദ്ധതികളെ കോവിഡ് സാഹചര്യം പ്രതികൂലമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്.
ചന്ദ്രയാൻ- 2നോട് സമാനമായ രൂപരേഖയായിരിക്കും ചന്ദ്രയാന്‍- 3നും. എന്നാൽ, ഇതിന് പുതിയ ഓർബിറ്റർ ഉണ്ടായിരിക്കില്ല. ചന്ദ്രയാൻ- 2ന്‍റെ സമയത്ത് വിക്ഷേപണം നടത്തിയ ഓർബിറ്റർ തന്നെ ചന്ദ്രയാൻ- 3ന് ഉപയോഗിക്കും. 2022ഓടെ ചന്ദ്രയാൻ- 3 ലോഞ്ച് ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ മേധാവി കെ.ശിവൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16