Quantcast

പ്രാണപ്രതിഷ്ഠ ദിനത്തിൽ ഡൽഹി എയിംസ് ഉച്ചവരെ അടച്ചിടാനുള്ള തീരുമാനം പിൻവലിച്ചു

ആശുപത്രി പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്

MediaOne Logo

Web Desk

  • Updated:

    2024-01-21 07:25:47.0

Published:

21 Jan 2024 6:01 AM GMT

aiims
X

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അടച്ചിടാനുള്ള ഡൽഹി എയിംസിന്റെ തീരുമാനം പിൻവലിച്ചു. ഒ.പി വിഭാഗം പതിവുപോലെ പ്രവർത്തിക്കുമെന്ന് ​ഞായറാഴ്ച പുറത്തിറക്കിയ അറിയിപ്പിൽ ആശുപത്രി അധികൃതർ അറിയിച്ചു. രോഗികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം മാറ്റിയത്.

രാജ്യത്തെ ഏറ്റുവം ഉന്നതമായ ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരുന്നത്. കേന്ദ്രസർക്കാർ നിർദേശ പ്രകാരമാണ് അടച്ചിടു​ന്നതെന്ന് വ്യക്തമാക്കി എയിംസ് അധികൃതർ കഴിഞ്ഞിദിവസം വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. 'അയോധ്യയിലെ രാം ലല്ല പ്രാണപ്രതിഷ്ഠ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജനുവരി 22 തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അടച്ചിടാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുകയാണ്.

അതിനാൽ എയിംസ് ജനുവരി 22ന് ഉച്ചക്ക് 2.30 വരെ അടച്ചിടുമെന്ന് മുഴുവൻ ജീവനക്കാരെയും അറിയിക്കുന്നു. അതേസമയം എല്ലാ തീവ്രപരിചരണ വിഭാഗങ്ങളും പ്രവർത്തിക്കും’ -എന്നായിരുന്നു വാർത്താകുറിപ്പിൽ ഉണ്ടായിരുന്നത്. എയിംസിന് പിന്നാലെ മറ്റു പല ആശുപത്രികളും ഇത്തരത്തിൽ അവധി പ്രഖ്യാപിച്ചിരുന്നു. ഭുവനേഷ്വർ എയിംസും തിങ്കളാഴ്ച ഉച്ചവരെ അടച്ചിടുന്നുണ്ട്.

ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് പ്രിയങ്ക ചതുർവേദി എം.പി എയിംസിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. രാമനെ സ്വാഗതം ചെയ്യാൻ ഡൽഹി എയിംസ് സമയമെടുക്കുന്നതിനാൽ അന്ന് ഉച്ചവരെ നിങ്ങൾ മെഡിക്കൽ എമർജൻസിക്കായി അവിടേക്ക് പോകരുത്. തന്നെ സ്വാഗതം ചെയ്യാൻ ആരോഗ്യ സേവനങ്ങൾ തടസ്സപ്പെടുത്തുന്നത് ശ്രീരാമൻ അനുവദിക്കുമോ എന്നതിൽ അത്ഭുത​മുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.പി സാകേത് ഗോഖലെയും തീരുമാനത്തെ വിമർശിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ ഡൽഹി എയിംസ് തിങ്കളാഴ്ച ഉച്ചക്ക് 2.30 വരെ അടച്ചിടും. ആശുപത്രി സേവനം ലഭിക്കാനായി കാത്തിരിക്കുന്ന ആളുകൾ എയിംസിന്റെ ഗേറ്റുകൾക്ക് സമീപം തണുപ്പത് കിടക്കുകയാണ്. നിർധനർക്കും മരിക്കാനുള്ളവർക്കും അവിടെ കാത്തിരിക്കാം. കാരണം കാമറകൾക്കും പി.ആർ പ്രവർത്തനങ്ങൾക്കുമാണ് മോദി മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story