150 വർഷം പഴക്കമുള്ള പള്ളി പൊളിക്കാൻ ഡൽഹി നഗരസഭ
ഡൽഹി സെക്രട്ടറിയേറ്റിനടുത്തുള്ള സുനേരി ബാഗ് മസ്ജിദ് പൊളിക്കാനാണു നീക്കം നടക്കുന്നത്
ന്യൂഡൽഹി: 150 വർഷം പഴക്കമുള്ള പള്ളി പൊളിക്കാൻ അനുമതി തേടി ഡൽഹി നഗരസഭാ കൗൺസിൽ. ഡൽഹി സെക്രട്ടറിയേറ്റിനടുത്തുള്ള സുനേരി ബാഗ് മസ്ജിദ് പൊളിക്കാനാണു നീക്കം നടക്കുന്നത്. ഡൽഹി വഖഫ് ബോർഡിനെ എതിർപ്പ് മറികടന്നാണു നീക്കം. ഇതിനായി പൈതൃക സംരക്ഷണ സമിതിയിൽനിന്ന് അനുമതി തേടിയിരിക്കുകയാണു ഭരണകൂടം.
രാജ്പഥിലെ മോട്ടിലാൽ നെഹ്‌റു മാർഗിലാണു പള്ളി സ്ഥിതിചെയ്യുന്നത്. ഡൽഹി ട്രാഫിക് പൊലീസ് ആണ് റോഡ് വികസനത്തിന്റെ ഭാഗമായി പള്ളി പൊളിക്കാനുള്ള നിർദേശം നൽകുന്നത്. ഇതിനെതിരെ വഖഫ് ബോർഡ് ഹൈക്കോടതിയെ സമീപിച്ചു. നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ബോർഡിന്റെ ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ കോടതിയിൽ വാദിച്ചു.
കൗൺസിൽ വാദം അംഗീകരിച്ച് കഴിഞ്ഞ ഡിസംബർ 18ന് വഖഫ് ബോർഡിന്റെ ഹരജി തള്ളുകയായിരുന്നു. ഇരുകക്ഷികളും സംയുക്തമായി ഒരു പരിശോധന നടത്തുന്നതുവരെ പള്ളിയിൽ തൽസ്ഥിതി തുടരാൻ കഴിഞ്ഞ ജൂലൈയിൽ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം സംയുക്ത പരിശോധന നടക്കുകയും മേഖലയിൽ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിന് പള്ളി പൊളിക്കൽ അത്യാവശ്യമാണെന്നു കണ്ടെത്തിയതാണെന്നും നഗരസഭാ കൗൺസിൽ കോടതിയിൽ വാദിച്ചു.
എന്നാൽ, നഗരത്തിലെ നിരവധി വഖഫ് സ്വത്തുക്കൾ ഡൽഹി നഗരസഭ ഇത്തരത്തിൽ തകർക്കുകയാണെന്ന് വഖഫ് ബോർഡ് ചൂണ്ടിക്കാട്ടി. അധികാരം ദുർവിനിയോഗം ചെയ്തു നടത്തുന്ന നിയമവിരുദ്ധ നടപടികളാണിതെന്നും ഹരജിൽ കുറ്റപ്പെടുത്തിയിരുന്നു.
Summary: New Delhi Municipal Council seeks permission to demolish 150-year-old Sunehri Bagh Mosque near secretariate
Adjust Story Font
16