Quantcast

ഒമിക്രോൺ: ബൂസ്റ്റർ ഡോസിന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ഡൽഹി സർക്കാർ

പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ അടിയന്തര യോഗം ചേർന്നു

MediaOne Logo

Web Desk

  • Published:

    20 Dec 2021 9:12 AM GMT

ഒമിക്രോൺ: ബൂസ്റ്റർ ഡോസിന് അനുമതി നല്‍കണമെന്ന് കേന്ദ്രത്തോട് ഡൽഹി സർക്കാർ
X

ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ബൂസ്റ്റർ ഡോസ് നൽകാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡൽഹി സർക്കാർ. പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ഡൽഹി സർക്കാർ അടിയന്തര യോഗം ചേർന്നു. ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 28 ആയി.

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍, ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവരാണ് അടിയന്തര യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്രത്തോട് ബൂസ്റ്റര്‍ ഡോസ് ആവശ്യപ്പെടാന്‍ ഈ യോഗത്തില്‍ ധാരണയായി. ഡല്‍ഹി സര്‍ക്കാര്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തയ്യാറാണ്, കേന്ദ്രത്തിന്‍റെ അനുമതി വേണമെന്ന് കെജ്‍രിവാള്‍ പറഞ്ഞു.

രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം കൂടുകയാണ്. 17 ദിവസത്തിനുള്ളില്‍ 150ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയിലെ നാല് സ്വകാര്യ ആശുപത്രികളെ കൂടി ഒമിക്രോണ്‍ ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റി. എല്ലാവരും മാസ്ക് ധരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെജ്‍രിവാള്‍ ജനങ്ങളോട് പറഞ്ഞു.

പുതിയ എല്ലാ കോവിഡ് ബാധിതരുടെയും സാമ്പിളുകള്‍ ജിനോം പരിശോധനയ്ക്ക് അയയ്ക്കുമെന്നും കെജ്‍രിവാള്‍ പറഞ്ഞു- "ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കൂടുകയാണ്. ഇന്നലെ 100 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതെല്ലാം കോവിഡിന്‍റെ ഏതു വകഭേദമാണെന്ന് വ്യക്തമല്ല. അതുകൊണ്ട് എല്ലാ സാമ്പിളുകളും ജിനോം പരിശോധനയ്ക്ക് അയക്കുകയാണ്".

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എന്തു സാഹചര്യവും നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്നും കെജ്‍രിവാള്‍ പറഞ്ഞു. പുതിയ കോവിഡ് കേസുകളില്‍ പലര്‍ക്കും ആശുപത്രി ചികിത്സ ആവശ്യമില്ല. ഒമിക്രോണ്‍ വേഗം വ്യാപിക്കുന്നുണ്ടെങ്കിലും ലക്ഷണങ്ങള്‍ അത്ര തീവ്രമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

TAGS :

Next Story