കാക്കിക്കുള്ളിലെ നർത്തകൻ; സ്റ്റേജിൽ പാട്ടിനൊപ്പം യൂണിഫോമിൽ വൻ ഡാൻസുമായി പൊലീസ് ഉദ്യോഗസ്ഥൻ
ഒരു ബന്ധുവിന്റെ കല്യാണനിശ്ചയ ചടങ്ങിലായിരുന്നു കൂളിങ് ഗ്ലാസ് വച്ച് പൊലീസുകാരന്റെ പാട്ടും ഡാൻസും.
ന്യൂഡൽഹി: സ്റ്റേജിൽ കയറി പാട്ടിനൊപ്പം യൂണിഫോമിൽ വൻ ഡാൻസുമായി പൊലീസ് ഉദ്യോഗസ്ഥൻ. ഡൽഹിയിലെ നാരായണ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ശ്രീനിവാസാണ് ഒരു കുടുംബ പരിപാടിക്ക് സ്റ്റേജിൽ കയറി ബന്ധുവായ സ്ത്രീക്കൊപ്പം ഡാൻസ് കളിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ പൊലീസുകാരനെതിരെ നടപടിക്കൊരുങ്ങുകയാണ് മേലുദ്യോഗസ്ഥർ.
ഗഗൻദീപ് കൗറിന്റെ ഹരിയാൻവി ഗാനമായ "മേരാ ബാലം താനേദാർ ചലാവേ ജിപ്സി" എന്ന ഗാനത്തിനൊപ്പമാണ് പൊലീസുകാരൻ ചുവടുവച്ചത്. ഒരു ബന്ധുവിന്റെ കല്യാണനിശ്ചയ ചടങ്ങിലായിരുന്നു കൂളിങ് ഗ്ലാസ് വച്ച് പാട്ടും ഡാൻസും. പൊലീസ് ഉദ്യോഗസ്ഥന്റെ ഡാൻസ് ചിലർ മൊബൈലിൽ പകർത്തിയപ്പോൾ കൈ കൊട്ടിയും നോട്ടുകൾ എറിഞ്ഞുകൊടുത്തുമാണ് കൂടെ നിന്നവർ പിന്തുണ നൽകിയത്.
ചടങ്ങിനായി അവധിയെടുത്ത ഉദ്യോഗസ്ഥൻ, ഈ പാട്ടിന് ഡാൻസ് ചെയ്യാനായി മാത്രം യൂണിഫോം അണിഞ്ഞെത്തുകയായിരുന്നു. പൊലീസുകാരനായ കാമുകനെ കുറിച്ച് ഒരു സ്ത്രീ വിവരിക്കുന്നതാണ് "ബാലം താനേദാർ" ഗാനം. മറ്റ് ചില പൊലീസുകാരും ഇദ്ദേഹത്തോടൊപ്പം സ്റ്റേജിൽ ചുവടുവയ്ക്കുന്നത് വീഡിയോയിൽ കാണാം.
വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ പൊലീസ് യൂണിഫോമിന്റെ അന്തസിന് കളങ്കം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി രംഗത്തെത്തി. സ്റ്റേഷൻ ഇൻചാർജിന്റെ പെരുമാറ്റത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് അതൃപ്തിയുണ്ടെന്നും ഇയാൾക്കെതിരെ നടപടിയെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
Adjust Story Font
16