പൊലീസുകാരന്റെ മുന്നിൽ ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥ
സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസുകാരിക്കെതിരെ പൊലീസ് കേസെടുത്തു.
ന്യൂഡൽഹി: ഭർതൃപിതാവായ വൃദ്ധനെ ക്രൂരമായി മർദിച്ച് പൊലീസ് ഉദ്യോഗസ്ഥ. ഡൽഹിയിലെ ലക്ഷ്മി നഗറിൽ ഞായറാഴ്ചയാണ് സംഭവം. ഡൽഹി ഡിഫൻസ് കോളനി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് തന്റെ അമ്മയ്ക്കൊപ്പം ചെന്ന് വൃദ്ധനെ ക്രൂരമായി മർദിച്ചത്.
കൂടെ ജോലി ചെയ്യുന്ന പൊലീസുകാരന്റെ സാന്നിധ്യത്തിലായിരുന്നു വയോധികന്റെ വീട്ടിലെത്തി മർദനം. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ സബ് ഇൻസ്പെക്ടർക്കെതിരെ പൊലീസ് കേസെടുത്തു. ഐപിസി 323, 427 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
വയോധികനെ പൊലീസുകാരി നിരവധി തവണ തല്ലുന്നത് പുറത്തുവന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. ആദ്യം വയോധികനുമായി തർക്കത്തിലേർപ്പെടുന്ന പൊലീസുകാരിയും ഇവരുടെ മാതാവും പിന്നീട് അദ്ദേഹത്തെ അടിക്കാൻ തുടങ്ങുകയായിരുന്നു. ആക്രമണത്തിന് മകൾക്കൊപ്പം മാതാവും ചേർന്നു.
ശബ്ദം കേട്ട് എത്തിയ അയൽക്കാർക്കു നേരെയും പൊലീസ് ഉദ്യോഗസ്ഥയുടെ മാതാവും തട്ടിക്കയറുന്നതും ആക്രോശിക്കുന്നതും കൈയേറ്റത്തിന് ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.
സാധാരണ വേഷത്തിലാണ് പൊലീസുകാരിയുള്ളത്. എന്നാൽ സഹപ്രവർത്തകൻ യൂണിഫോമിലാണ്. കുറ്റാരോപിതയായ പൊലീസുകാരിക്കെതിരെ വകുപ്പുതല നടപടിക്കായി ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Adjust Story Font
16