സ്‌കൂളുകളിലെ ഉച്ചഭക്ഷണം ഏജൻസി വഴി പരിശോധിക്കാനൊരുങ്ങി ഡൽഹി സർക്കാർ
കൃത്യമായ ഇടവേളകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുമെന്ന് സർക്കാർ അറിയിച്ചു
ഡൽഹി: സർക്കാർ സ്‌കൂളുകളിൽ ഉച്ചഭക്ഷണ നിലവാരം പരിശോധിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. ഇതിനായി പ്രത്യേക ഏജൻസിയെ നിയോഗിക്കും. എട്ടേക്കാൽ ലക്ഷം വിദ്യാർഥികൾക്കാണ് പി എം പോഷൺ പദ്ധതിയിലൂടെ ഡൽഹി സർക്കാർ ഉച്ചഭക്ഷണം നൽകുന്നത്. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണ പദാർത്ഥങ്ങളുടെ ഗുണ നിലവാരം പരിശോധിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം.എഫ് സി ഐ, എൻ ജി ഒ ഗോഡൗണുകളിൽ നിന്ന് ഏജൻസി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കും.
1026 സർക്കാർ സ്‌കൂളുകളിലും 178 സ്വകാര്യ സ്‌കൂളുകളിലുമുള്ള എട്ടാം ക്ലാസുവരെയുള്ള 8.2ലക്ഷം കുട്ടികൾക്ക് പി എം പോഷൺ പദ്ധതി വഴി സർക്കാർ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. നഗരത്തിലെ 39 പാചക പുരകൾ വഴിയാണ് എൻ ജി ഒകൾ ഭക്ഷണം പാകം ചെയ്യുന്നത്.
കൃത്യമായ ഇടവേളകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന നടത്തുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.ഈർപ്പം, കൊഴുപ്പ്, മൈക്രോ ബയോളജിക്കൽ ഘടകങ്ങളുടെ സാന്നിധ്യം, എന്നിവ പാകം ചെയ്ത ഭക്ഷണത്തിലും ഈസ്റ്റ്, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ് എന്നിവ പാകം ചെയ്യാത്ത ഭക്ഷണത്തിലും പരിശോധിക്കും. ഭക്ഷ്യ വിഷബാധ സാധ്യത ഇല്ലാതാക്കാനാണ് ഡൽഹി സർക്കാർ കുറ്റമറ്റ രീതിയിൽ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നത്.
കേരളത്തിലെ മൂന്ന് ജില്ലകളിൽ സ്‌കൂളിൽ നിന്നും ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനു പിന്നാലെ സംസ്ഥാന സർക്കാർ പരിശോധന വ്യാപകമായിരുന്നു.
Adjust Story Font
16