രണ്ടുദിവസം കൊണ്ട് പിഴയായി പിരിച്ചത് 1.54 കോടി! ഡൽഹിയിൽ കോവിഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി
ഡൽഹിയിൽ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്
ക്രിസ്മസ്-പുതുവത്സര ആഘോഷത്തിരക്കിനിടെ കോവിഡ് നിയമങ്ങളുടെ പേരിൽ ഡൽഹി സർക്കാർ ചുമത്തിയത് 1.54 കോടി രൂപയുടെ പിഴ. വെറും രണ്ടു ദിവസത്തിനിടെയാണ് ഇത്രയും ഭീമമായ തുക പിഴയിനത്തിൽ സർക്കാർ ഖജനാവിലെത്തിയത്. തലസ്ഥാന നഗരത്തിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതിനിടെയാണ് ഡൽഹി ഭരണകൂടത്തിന്റെ കടുത്ത നടപടി.
ഡൽഹിയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ പടരുന്നത് തടയാനാണ് നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചതെന്നാണ് ഡൽഹി അധികൃതർ അറിയിച്ചത്. ഇതിന്റെ ഭാഗമായി ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണവുമേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 7,000ത്തിനു മുകളിലാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.
കഴിഞ്ഞ മാസം മാത്രം 21 കോടി രൂപയാണ് ഡൽഹി സർക്കാർ പിഴയായി പിരിച്ചെടുത്തത്. മാസ്‌ക് ധരിക്കാതിരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കൽ, പൊതുസ്ഥലത്ത് തുപ്പൽ തുടങ്ങിയ കോവിഡ് നിയമലംഘനങ്ങൾക്കാണ് പിഴ. നോർത്ത്, ഈസ്റ്റ് ജില്ലകളിലാണ് ഏറ്റവും കൂടുതൽ പിഴ ചുമത്തിയത്; യഥാക്രമം 29, 25 ലക്ഷം രൂപയാണ് ഇവിടെ പിഴയിനത്തിൽ പിരിച്ചത്. ദക്ഷിണ ജില്ലയിൽ കോവിഡ് നിയമം ലംഘിച്ച് ആളുകൾ കൂടാൻ അനുവദിച്ചതിന് മെഹ്‌റോളിയിലെ ഒരു പ്രമുഖ റെസ്‌റ്റോറന്റ് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
ആൾത്തിരക്കുള്ള മാർക്കറ്റുകൾ, റെസ്‌റ്റോറന്റുകൾ, ബാറുകൾ, ബസ് ടെർമിനലുകൾ, മാളുകൾ എന്നിവിടങ്ങളിലെല്ലാം അധികൃതർ മിന്നൽ പരിശോധന നടത്തിയാണ് നിയമനടപടികൾ സ്വീകരിച്ചത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.
Summary: The Delhi government has imposed ₹1.54 crore as fines over two days for violating Covid restrictions
Adjust Story Font
16