‘കർഷകരെ അറസ്റ്റ് ചെയ്യുന്നത് മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യം’ ഭാവന സ്റ്റേഡിയം താൽക്കാലിക ജയിലാക്കാൻ പറ്റില്ലെന്ന് ആം ആദ്മി സർക്കാർ
കർഷകരുടെ ആവശ്യങ്ങൾ ന്യായമാണ്, പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും ഡൽഹി സർക്കാർ
ന്യൂഡൽഹി: കർഷക സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ദില്ലി ഭാവന സ്റ്റേഡിയം താൽക്കാലിക ജയിൽ ആക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ആം ആദ്മി സർക്കാർ നിരസിച്ചു. ആയിരത്തിലേറെ കർഷകർ അണിനിരക്കുന്ന കർഷക മാർച്ചിനെ നേരിടാൻ വൻ തോതിൽ സംവിധാനങ്ങൾ ഒരുക്കിയ കേന്ദ്രം, ഡൽഹിയലെ ഭാവന സ്റ്റേഡിയം താൽക്കാലിക ജയിലാക്കണമെന്ന് നിർദേശിച്ചിരുന്നു.
എന്നാൽ ഇത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം നിരസിച്ചുകൊണ്ട് ആം ആദ്മി സർക്കാർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും സമാധാനപരമായി പ്രതിഷേധിക്കാൻ അവർക്ക് അവകാശമുണ്ടെന്നും കത്തിൽ സർക്കാർ വിശദീകരിച്ചു.
‘‘കേന്ദ്ര സർക്കാർ അവരെ ചർച്ചയ്ക്ക് ക്ഷണിക്കുകയും അവരുടെ യഥാർത്ഥ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയും വേണം. കർഷകർ ഞങ്ങളുടെ 'അന്നദാതാവ്' ആണ്, അവരെ അറസ്റ്റ് ചെയ്യുന്നത് അവരുടെ മുറിവിൽ ഉപ്പ് പുരട്ടുന്നതിന് തുല്യമാണ്. കേന്ദ്ര സർക്കാരിൻ്റെ ഈ തീരുമാനത്തിനൊപ്പം നിൽക്കാൻ കഴിയില്ല, അതിനാൽ ഭാവന സ്റ്റേഡിയം ജയിലാക്കി മാറ്റുന്നതിന് അനുമതി നൽകാനാവില്ല’ എന്നായിരുന്നു കേന്ദ്രത്തിന് ആം ആദ്മി സർക്കാർ നൽകിയ മറുപടിയിൽ പറയുന്നു.
ഹരിയാന സർക്കാർ രണ്ട് സ്റ്റേഡിയങ്ങൾ നേരത്തെ ജയിലാക്കി മാറ്റിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിർസയിലെ ചൗധരി ദൽബീർ സിംഗ് ഇൻഡോർ സ്റ്റേഡിയവും, ദബ്‍വാലിയിലെ ഗുരുഗോവിന്ദ് സ്റ്റേഡിയവുമാണ് കസ്റ്റഡിയിലെടുക്കുന്ന കർഷകർക്കുള്ള താൽക്കാലിക ജയിലാക്കി മാറ്റിയത്.
അതെ സമയം കർഷക സമരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പട്ട് ചീഫ് ജസ്റ്റിസിന് കത്ത് അയച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ (എസ്‌സിബിഎ) പ്രസിഡൻ്റ്. കർഷകർ അനധികൃതമായി ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് പ്രസിഡൻ്റ് ആദിശ് അഗർവാല ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയച്ചത്.
കർഷക സമരം കോടതി നടപടികളെ തടസ്സപ്പെടുത്തുമെന്നും പ്രക്ഷോഭം കാരണം അഭിഭാഷകർക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും അഗർവാല കത്തിൽ പറയുന്നു. പ്രതിഷേധം കണക്കിലെടുത്ത്, ഡൽഹി അതിർത്തിയിൽ സുരക്ഷാ നടപടികൾ വർദ്ധിപ്പിച്ചിട്ടുണ്ട്, പോലീസ് സിമന്റ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രിമാരുമായി ചണ്ഡീഗഢിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നു സമരവുമായി മുന്നോട്ട് പോകുമെന്ന് കർഷക സംഘടനകൾ വ്യക്തമാക്കിയിരുന്നു. എല്ലാ വിളകൾക്കും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി,സമ്പൂർണ കടം എഴുതിത്തള്ളൽ,കർഷകർക്ക് പെൻഷൻ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കൽ എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ രണ്ടാം കർഷകസമരത്തിന് രംഗത്തെത്തിയത്.
Farmers begins to move towards Delhi with the slogan "Delhi Chalo" from Shambhu Border#FarmersProtest2024 pic.twitter.com/3DDKQk5MZ3
— Ravinder Kapur. (@RavinderKapur2) February 13, 2024
Adjust Story Font
16