ഡല്‍ഹി കലാപം: സാമൂഹിക പ്രവര്‍ത്തകന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
ജാമിഅ മില്ലിയ ഇസ്ലാമിയയിലും എഎംയുവിലും ഷര്‍ജീല്‍ നടത്തിയ സിഎഎ വിരുദ്ധ പ്രസംഗങ്ങളിലാണ് കേസെടുത്തത്
ഷാർജീൽ ഇമാം
ഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കേസില്‍ ജെ.എന്‍.യു സര്‍വകലാശാല വിദ്യാര്‍ത്ഥിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷര്‍ജീല്‍ ഇമാമിന് ജാമ്യം. ഡല്‍ഹി ഹൈക്കോടതിയാണ് ബുധനാഴ്ച ജാമ്യം അനുവദിച്ചത്. ജാമിഅ മില്ലിയ ഇസ്ലാമിയയിലും എഎംയുവിലും ഷര്‍ജീല്‍ നടത്തിയ സിഎഎ വിരുദ്ധ പ്രസംഗങ്ങളിലാണ് കേസെടുത്തത്.
എന്നാല്‍ ഗൂഡാലോചനക്കേസില്‍ പ്രതിയായതിനാല്‍ പുറത്തിറങ്ങാനാകില്ല. എന്‍.എഫ്.സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുജ് അഗ്രവാളാണ് ജാമ്യം നല്‍കിയത്. 30000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം.
പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ ഷര്‍ജില്‍ ഇമാം 2020 മുതല്‍ ജയിലിലാണ്. 2019 ഡിസംബര്‍ 15ന് പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗര്‍ പ്രദേശത്ത് സമരം ചെയ്തവര്‍ പൊതു-സ്വകാര്യ വാഹനങ്ങള്‍ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നുമാണ് എന്‍.എഫ്.സി പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നത്. 2019 ഡിസംബര്‍ 13ന് ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗമാണ് ഈ ആക്രമണങ്ങള്‍ക്ക് കാരണമായതെന്നും പൊലീസ് ആരോപിച്ചു.
ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള തെളിവുകള്‍ ശുഷ്‌കമാണെന്നും വ്യക്തമല്ലെന്നും നേരത്തെ കോടതി നിരീക്ഷിച്ചിരുന്നു. കലാപത്തിന് പ്രേരിപ്പിച്ചുവെന്നത് തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും പറഞ്ഞിരുന്നു.
Adjust Story Font
16