Quantcast

അറുന്നൂറ് വർഷം പഴക്കമുള്ള മസ്ജിദ് എന്ത് അടിസ്ഥാനത്തിലാണ് പൊളിച്ചതെന്ന് ഡൽഹി ഹൈ​കോടതി

പ്രഭാത നമസ്‌കാരത്തിന് വിശ്വാസികൾ വരുന്നതിന് മുമ്പായിരുന്നു ഡൽഹി ഡവലപ്മെന്റ് അതോറിറ്റി അധികൃതർ മസ്ജിദും മദ്രസയും പൊളിച്ച് നീക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-02-01 13:55:13.0

Published:

1 Feb 2024 1:52 PM GMT

അറുന്നൂറ് വർഷം പഴക്കമുള്ള മസ്ജിദ്  എന്ത് അടിസ്ഥാനത്തിലാണ് പൊളിച്ചതെന്ന് ഡൽഹി ഹൈ​കോടതി
X

അറുന്നൂറ് വർഷം പഴക്കമുള്ള മസ്ജിദ് അഖോഞ്ചി എന്തടിസ്ഥാനത്തിലാണ് ഡൽഹി ഡവലപ്മെന്റ് അതോറിറ്റി (ഡി.ഡി.എ) പൊളിച്ചതെന്ന് ഡൽഹി ഹൈകോടതി. ഒരാഴ്ചക്കുള്ളിൽ ഡി.ഡി.എ വിശദീകരണം നൽകണമെന്ന് ​​ജസ്റ്റിസ് സച്ചിൻ ദത്ത ഉത്തരവിട്ടു.

സൗത്ത് ഡൽഹി ജില്ലയിലെ മെഹ്‌റോളി ഭാഗത്തുള്ള പള്ളിയാണ് ജനുവരി 30ന് പൊലീസ് പിന്തുണയോടെ അധികൃതർ പൊളിച്ചത്. പുലർച്ചെ 5:30നും 6:00നും ഇടയിലാണ് പൊളിച്ചത്. പൊളിക്കൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് എന്തെങ്കിലും മുൻകൂർ നോട്ടീസ് നൽകിയിരുന്നോ എന്ന് ചോദിച്ച കോടതി മറുപടി നൽകാൻ ഒരാഴ്ച സമയം ഡി.ഡി.എയ്ക്ക് നൽകി.

മദ്രസ ബഹ്‌റുൽ ഉലൂമും വിവിധ ഖബറിടങ്ങളും പൊളിച്ചതിനെതിരെയുള്ള അടിയന്തര ഹർജി പരിഗണിക്കുകയായിരുന്നു കോടതി.മസ്ജിദ് പൊളിക്കാൻ മുകളിൽ നിന്ന് ഉത്തരവുണ്ടെന്നാണ് ഡിഡിഎ അധികൃതർ അന്ന് വിശദീകരിച്ചത്. അതെ സമയം മതകമ്മിറ്റിയുടെ ശിപാർശ പ്രകാരമാണ് പൊളിക്കൽ നടപടി സ്വീകരിച്ചതെന്നാണ് കോടതിയിൽ ഡിഡിഎയുടെ അഭിഭാഷകൻ വാദിച്ചത്. എന്നാൽ പള്ളി പൊളിക്കാൻ ഉത്തരവിടാൻ മതകമ്മിറ്റിക്ക് അധികാരമില്ലെന്ന് ഡൽഹി വഖഫ് ബോർഡ് മാനേജിംഗ് കമ്മിറ്റി വാദിച്ചു.

സുബ്ഹി (പ്രഭാത) നമസ്‌കാരത്തിന് വിശ്വാസികൾ വരുന്നതിന് മുമ്പായിരുന്നു ഡൽഹി ഡവലപ്മെന്റ് അതോറിറ്റി മസ്ജിദ് പൊളിക്കുകയും അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തത്. സ്ഥലത്തെത്തിയ മസ്ജിദ് ഇമാമിനെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.അദ്ദേഹം മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കാൻ ഫോൺ തട്ടിയെടുക്കുകയും ചെയ്തു.വിശ്വാസികളെ തടയാൻ പ്രദേശത്ത് പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

സുബ്ഹി ബാങ്ക് വിളിക്കുന്നതിന് മുമ്പായി പള്ളി പൂർണമായി പൊളിച്ചെന്ന് ഇമാം സാകിർ ഹുസൈൻ പറഞ്ഞു. ജനങ്ങൾ കാണുന്നതിന് മുമ്പ് അവശിഷ്ടം നീക്കിയെന്നും പറഞ്ഞു. മസ്ജിദിൽ പ്രവേശിക്കാനോ ഖുർആൻ എടുക്കാൻ പോലുമോ ഡിഡിഎ അധികൃതർ അനുവദിച്ചില്ലെന്നും തന്റെ ഫോൺ തട്ടിയെടുത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പള്ളിയോട് ചേർന്നുള്ള മദ്‌റസയും അധികൃതർ പൊളിച്ചുവെന്നും 22 വിദ്യാർഥികളുടെ ഭക്ഷണവും വസ്ത്രവും അവിടെയുണ്ടായിരുന്നുവെന്നും ഇമാം പറഞ്ഞു.

ഡിഡിഎയുടെ നടപടി പുറത്തുവന്നതോടെ കടുത്ത പ്രതിഷേധമാണ് മുസ്‌ലിം സമുദായത്തിൽനിന്നുർന്നിരുന്നു.സ്ഥലം അളന്നുതിട്ടപ്പെടുത്താൻ കോടതി ഉത്തരവുണ്ടായിട്ടും ഡിഡിഎ പള്ളി പൊളിക്കുകയായിരുന്നുവെന്നാണ് വിമർശനം.

2012ൽ ഡൽഹി ഹൈക്കോടതി അതിർത്തി നിർണയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെന്നും എന്നാൽ ഡിഡിഎ അധികൃതർ ഉത്തരവ് ലംഘിച്ചുവെന്നും ഒരാൾ പറഞ്ഞു. അനധികൃത നടപടിയെ കുറിച്ച് ചോദിച്ചപ്പോൾ മുകളിൽ നിന്ന് ഉത്തരവുണ്ടെന്നായിരുന്നു ഡിഡിഎ അധികൃതരുടെ മറുപടി.

TAGS :

Next Story