'അനാഥാലയങ്ങൾക്ക് ബർഗർ നൽകണം'; ബലാത്സംഗക്കേസ് റദ്ദാക്കാന്‍ നിബന്ധനയുമായി ഡൽഹി ഹൈക്കോടതി
ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിനും നിർദേശം നൽകി
ന്യൂഡൽഹി: രണ്ടു അനാഥാലയങ്ങൾക്ക് ശുചിത്വവും ഗുണനിലവാരവുമുള്ള ബർഗർ നൽകണമെന്ന വ്യവസ്ഥയിൽ ബലാത്സംഗക്കേസ് റദ്ദാക്കി ഡൽഹി ഹൈക്കോടതി. മുൻ ഭാര്യയെ ബലാത്സംഗം ചെയ്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലായിരുന്നു ഇയാൾക്കെതിരെ വിചാരണ നടന്നിരുന്നത്. ഈ കേസുകൾ റദ്ദാക്കാനാണ് കോടതി ബർഗർ നൽകാനുള്ള വ്യവസ്ഥ മുന്നോട്ട് വെച്ചത്.
ശുദ്ധമായ അന്തരീക്ഷത്തിലാണ് ബർഗറുകൾ പാകം ചെയ്യുന്നതെന്ന് ഉറപ്പാക്കാൻ പൊലീസിനും ഹൈക്കോടതി നിർദേശം നൽകി. ഇതിന് പുറമെ പരാതിക്കാരിയും മുൻ ഭാര്യക്ക് 4.5 ലക്ഷം രൂപ പിഴയായി നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം തന്നെ അത് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ സാകേത് കോടതിയിലെ മീഡിയേഷൻ സെന്റർ മുമ്പാകെ ജൂലൈ 4 നാണ് ഇരുകക്ഷികളും കേസ് തീർപ്പാക്കിയത്. അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്. തുടർന്ന് ഇയാൾ വേറെ വിവാഹം കഴിച്ചിരുന്നു.
2020 ലാണ് മുൻ ഭർത്താവിനെതിരെ യുവതി പരാതിയുമായി എത്തുന്നത്. തുടർന്നാണ് സ്വന്തം ഇഷ്ടപ്രകാരം കേസ് പിൻവലിക്കുന്നതായി ഭാര്യ കോടതിയെ അറിയിച്ചത്. കേസ് പിൻവലിച്ചതിനെതിരെ കോടതി രൂക്ഷവിമർശനവും ഉന്നയിച്ചു. 2020 മുതൽ കേസ് നടക്കുന്നുണ്ടെന്നും സുപ്രധാന കാര്യങ്ങൾക്കായി ഉപയോഗിക്കാമായിരുന്ന പൊലീസിന്റെയും ജുഡീഷ്യറിയുടെയും സമയമാണ് ഇതിലൂടെ പാഴാക്കിയെന്നും ഹൈക്കോടതി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ജസ്റ്റിസ് ജസ്മീത് സിംഗ് അധ്യക്ഷനായ സിംഗിൾ ജഡ്ജി ബെഞ്ചാണ് കേസ് റദ്ദാക്കിയത്
നോയിഡയിലെയും മയൂർ വിഹാറിലെയും ബർഗർ ഷോപ്പുകൾ നടത്തുന്നയാളാണ് കുറ്റാരോപിതനായ യുവാവ്. അതുകൊണ്ട് തന്നെ രണ്ട് അനാഥാലയങ്ങളിലെ 100 കുട്ടികൾക്കെങ്കിലും ബർഗർ നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.
Adjust Story Font
16