Quantcast

'കഴിയുന്നത് കടുത്ത ദാരിദ്ര്യത്തിൽ; ബ്രിട്ടീഷുകാർ തട്ടിയെടുത്ത ചെങ്കോട്ട തിരിച്ചുനൽകണം'-ആവശ്യവുമായി ബഹദൂർഷാ സഫറിന്റെ പിന്മുറക്കാർ; ഹരജി തള്ളി ഡൽഹി കോടതി

കൊൽക്കത്ത ഹൗറയിലെ ചേരിപ്രദേശത്തുള്ള ഒരു കുടിലിൽ നാലു മക്കൾക്കൊപ്പമാണിപ്പോൾ സുൽത്താന ബീഗം കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    15 Dec 2024 11:56 AM GMT

Delhi High Court rejects plea of ‘heir’ of Mughal emperor Bahadur Shah Zafar II, seeking possession of Red Fort, Sultana Begum, Mirza Bedar Bukht widow
X

ന്യൂഡൽഹി: മുഗൾ ഭരണത്തിന്റെ ചരിത്രശേഷിപ്പായി ഡൽഹിയിലുള്ള ചെങ്കോട്ടയിൽ അവകാശമുന്നയിച്ചുള്ള ഹരജി തള്ളി ഡൽഹി ഹൈക്കോടതി. അവസാന മുഗൾ ചക്രവർത്തി ബഹദൂർഷാ സഫർ രണ്ടാമന്റെ പിന്മുറക്കാരാണ് അവകാശവാദവുമായി കോടതിയെ സമീപിച്ചത്. 1957ൽ സഫറിനെ നാടുകടത്തിയ ശേഷം ബ്രിട്ടീഷുകാർ തട്ടിയെടുത്തതാണ് കോട്ടയെന്നും സ്വാതന്ത്ര്യത്തിനുശേഷം കേന്ദ്ര സർക്കാരാണ് ഇതിന്റെ നിയന്ത്രണം കൈയാളുന്നതെന്നും ഹരജിയിൽ പറയുന്നു. കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന അനന്തരാവകാശികള്‍ക്ക് ചെങ്കോട്ട കൈമാറാനോ, അല്ലെങ്കിൽ നഷ്ടപരിഹാരം നൽകാനോ കേന്ദ്ര സര്‍ക്കാര്‍‌ തയാറാകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടത്.

ബഹദൂർ ഷാ സഫറിന്റെ 1980ൽ മരിച്ച കൊച്ചുമകൻ മീർസ ബിദർ ബക്തിന്റെ വിധവ സുൽത്താന ബീഗം ആണ് ചെങ്കോട്ടയിൽ അവകാശമുന്നയിച്ച് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 2021ലെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു ഹരജി. എന്നാൽ, ഒന്നര നൂറ്റാണ്ട് കഴിഞ്ഞുള്ള അവകാശവാദങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് വിഭു ബക്രുവും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കിയിരിക്കുകയാണ്.

ഇപ്പോൾ കൊൽക്കത്ത ഹൗറയിലെ ഒരു ചേരിയിലാണ് സുൽത്താനയും മക്കളും കഴിയുന്നത്. കടുത്ത സാമ്പത്തിക പരാധീനതയിൽ കഴിയുന്ന തന്റെയും കുടുംബത്തിന്റെയും അവസ്ഥ തിരിച്ചറിഞ്ഞ് കേന്ദ്ര സർക്കാർ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് 2021ൽ ആദ്യമായി ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചതെന്നാണ് അവർ 'ഇന്ത്യൻ എക്‌സ്പ്രസി'നോട് പ്രതികരിച്ചത്. 1920ൽ പഴയ ബർമയിലെ റങ്കൂണിൽ ജനിച്ച ഇവരുടെ ഭർത്താവ് പിന്നീട് ഇന്ത്യയിലെത്തിയിരുന്നു. കൊൽക്കത്തയിലെ തൽത്താലയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. കൃത്യമായ വരുമാന മാർഗമൊന്നും ഇല്ലാതിരുന്ന കുടുംബം കേന്ദ്ര സർക്കാരിൽനിന്നും ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീൻ ട്രസ്റ്റിൽനിന്നും ലഭിച്ചിരുന്ന പെൻഷൻ തുക കൊണ്ടാണു കഴിഞ്ഞിരുന്നത്.

1980ൽ ഭർത്താവ് മരിച്ച ശേഷം കുട്ടികളുമായി സുൽത്താന ബീഗം ഹൗറയിലേക്കു താമസം മാറുകയായിരുന്നു. പിന്നീട് സുൽത്താനയായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചായക്കട നടത്തിയും വള നിർമിച്ചുമെല്ലാമായിരുന്നു മക്കളെ നോക്കിയതെന്ന് അവർ പറയുന്നു. ഇപ്പോൾ പ്രായമാകുകയും ശാരീരികാവശതകൾ കാരണം കിടപ്പിലാണെന്നും സുൽത്താന പറയുന്നു. ബഹദൂർഷാ സഫറിന്റെ അനന്തരാവകാശികൾ എന്ന നിലയ്ക്ക് നിസാമുദ്ദീൻ ട്രസ്റ്റ് നൽകിവരുന്ന 6,000 രൂപയുടെ പെൻഷൻ കൊണ്ടാണ് തങ്ങൾ ദൈനംദിന ജീവിതം ഉന്തിനീക്കുന്നതെന്നും അവർ തുടർന്നു.

'അഞ്ച് പെൺമക്കളും ഒരാണുമാണു തനിക്കുള്ളത്. മുതിർന്നവൾ 2022ൽ മരിച്ചു. മക്കൾക്കൊന്നും പഠിക്കാനുള്ള അവസരം ലഭിച്ചിട്ടില്ല. ഒരാൾക്കും സ്‌കൂൾ പഠനം പൂർത്തിയാക്കാനായിട്ടില്ല. കടുത്ത ദാരിദ്ര്യത്തിലാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്'-സുൽത്താന കുടുംബത്തിന്റെ ദൈന്യത വിവരിച്ചു.

1836 മുതൽ 1857 വരെ മുഗൾ ചക്രവർത്തിയായിരുന്നു ബഹദൂർഷാ സഫർ. 1857ലെ ശിപായി ലഹളയ്ക്കു പിന്തുണ നൽകിയെന്നു കാണിച്ചാണ് അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്ത് ബർമയിലേക്ക് നാടുകടത്തുന്നത്. ഇതോടെ ഇന്ത്യയിൽ മുഗൾ ഭരണത്തിനും അന്ത്യം കുറിക്കുകയായിരുന്നു. ബ്രിട്ടീഷുകാർ നിയമവിരുദ്ധമായി പിടിച്ചെടുത്ത ചെങ്കോട്ടയുടെ നിയമപരമായ അവകാശികൾ എന്ന നിലയ്ക്ക് ഇതു വിട്ടുനൽകണമെന്നാണ് 2021ലെ ഹരജിയിൽ സുൽത്താന ചൂണ്ടിക്കാട്ടിയത്. ഇല്ലെങ്കിൽ കേന്ദ്ര സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.


എന്നാൽ, 164 വർഷം കഴിഞ്ഞുള്ള നിയമനടപടി അംഗീകരിക്കാനാകില്ലെന്ന് ഹരജി പരിഗണിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രേഖ പള്ളി വ്യക്തമാക്കുകയായിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബഹദൂർഷാ സഫറിൽനിന്നു നിയമവിരുദ്ധമായി തട്ടിയെടുത്തതാണ് ചെങ്കോട്ടയെന്ന വസ്തുത അംഗീകരിച്ചാലും ഇത്രയും ഇടവേളയ്ക്കുശേഷമുള്ള റിട്ട് ഹരജി അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി അറിയിച്ചു. ഇത്രയും കാലം ഇതു കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കാര്യം അനന്തരാവകാശികൾക്ക് അറിയുമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിധിക്കെതിരെയാണ് ഇക്കഴിഞ്ഞ നവംബറിൽ സുൽത്താന ബീഗം ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേന്ദ്ര സർക്കാർ നിയമവിരുദ്ധമായാണ് ചെങ്കോട്ട കൈയിൽ വച്ചിരിക്കുന്നതെന്നും തങ്ങളുടെ പൂർവിക സ്വത്താണിതെന്നും ഹരജിയിൽ അവർ ചൂണ്ടിക്കാട്ടി. സർക്കാർ ചെങ്കോട്ട വിട്ടുനൽകുകയോ അല്ലെങ്കിൽ നഷ്ടപരിഹാരം നൽകുകയോ ചെയ്തില്ലെങ്കിൽ അതു തങ്ങളുടെ മൗലികാവകാശത്തിന്റെയും ഭരണഘടനാ അവകാശത്തിന്റെയും ലംഘനമാണെന്നും ഹരജിയിൽ വാദിച്ചു. എന്നാൽ, സിംഗിൾ ബെഞ്ചിന്റെ വിധി ശരിവച്ച് ഹരജി തള്ളിയിരിക്കുകയാണിപ്പോൾ ഡിവിഷൻ ബെഞ്ച്.

Summary: Delhi High Court rejects plea of ‘heir’ of Mughal emperor Bahadur Shah Zafar II, seeking possession of Red Fort

TAGS :

Next Story