അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സുപ്രീംകോടതി ജാമ്യം നൽകിയ സഞ്ജയ് സിങ് ഇന്ന് ജയിൽ മോചിതനാകും
ഡൽഹി:ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസിൽ കസ്റ്റഡിയിൽ അയച്ച പ്രത്യേക കോടതി നടപടിയെ ചോദ്യം ചെയ്താണ് കെജ്‌രിവാൾ ഹരജി സമർപ്പിച്ചിരിക്കുന്നത്. അതെ സമയം സുപ്രീംകോടതി ജാമ്യം നൽകിയ ആം ആദ്മി എംപി സഞ്ജയ് സിങ് ഇന്ന് ജയിൽ മോചിതനാകും
സഞ്ജയ് സിങിന് ജാമ്യം നൽകി കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണം അരവിന്ദ് കെജ്‌രിവാളിന് ഏറെ പ്രതീക്ഷ നൽകുന്നു.അഴിമതിയിൽ സഞ്ജയ് സിങിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന രേഖകൾ ഇ ഡിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല .
പണമുൾപ്പെടെ ഒന്നും സഞ്ജയ് സിങിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നു കേസ് പരിഗണിച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടിയിരുന്നു . ഇതേ വാദം തന്നെയാണ് ഹൈക്കോടതിയിൽ കെജ്‌രിവാളും പുറത്തെടുക്കുന്നത്.
250 പ്രാവശ്യത്തിലേറെ റെയ്ഡുകൾ നടത്തിയെങ്കിലും തന്നെ കേസുമായി ബന്ധിപ്പിക്കാൻ പറ്റിയ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് കഴിഞ്ഞില്ലെന്നു ഡൽഹി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. മദ്യ നയ അഴിമതിയിലൂടെ ലഭിച്ച പണം 2022 ലെ ഗോവ തെരെഞ്ഞെടുപ്പിൽ ചെലവഴിച്ചെന്നും ഈ അഴിമതിയുടെ ഗുണഭോക്താക്കൾ ആം ആദ്മി പാർട്ടി ആണെന്നും ഇന്നലെ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ഇ ഡി ചൂണ്ടിക്കാട്ടുന്നു .
സഞ്‌ജയ് സിങിന്റെ ജാമ്യത്തെ എതിർക്കാതിരുന്ന ഇ.ഡി കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയെ ശക്തിയോടെ എതിർക്കുന്നുണ്ട് .സഞ്ജയ് സിങിന്റെ ജാമ്യവ്യവസ്ഥകൾ വിചാരണക്കോടതിയാണ് തീരുമാനിക്കുന്നത്. ജയിൽ മോചിതനാകുന്ന സഞ്ജയ് സിങ്ങിന് വൻ സ്വീകരണം നൽകാനാണ് ആം ആദ്മി തയാറെടുക്കുന്നത്.
Adjust Story Font
16