ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും
കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി
ഡല്‍ഹി: ജഹാംഗീര്‍പുരിയിലെ കെട്ടിടം പൊളിക്കുന്നതിനുള്ള സ്റ്റേ തുടരും. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ തുടർന്നത് അതീവ പ്രാധാന്യത്തോടെ കാണുന്നുവെന്ന് സുപ്രിംകോടതി വ്യക്തമാക്കി. എന്താണ് നടക്കുന്നതെന്ന് കോടതി വിശദമായി നിരീക്ഷിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ജസ്റ്റിസ് എല്‍ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിച്ചത്.
ജഹാംഗിർപുരിയിലെ കെട്ടിടം പൊളിക്കലുമായി ബന്ധപ്പെട്ട അഞ്ച് ഹരജികളിലാണ് സുപ്രിംകോടതി ഇന്ന് വാദംകേട്ടത്. ദേശീയ പ്രാധ്യാന്യമുള്ള വിഷയമാണെന്നും ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ള ഗൂഢനീക്കങ്ങളാണ് നടക്കുന്നതെന്നും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ഹരജിക്കാർക്കായി വാദിച്ചു. കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതിന് 15 ദിവസം മുൻപ് ഉടമസ്ഥർക്ക് നോട്ടീസ് നൽകണം. യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് കോർപ്പറേഷൻ ഏകപക്ഷീയമായ നടപടി സ്വീകരിച്ചതെന്നും ദവെ വ്യക്തമാക്കി. തൽസ്ഥിതി തുടരാൻ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടിട്ടും മണിക്കൂറുകളോളം പൊളിച്ചുനീക്കൽ തുടർന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അഭിഭാഷകര്‍ അറിയിച്ചു.
നിയമങ്ങൾ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹരജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. മധ്യപ്രദേശിൽ വിവിധ മത വിഭാഗത്തിൽ നിന്നുള്ളവരുടെ വീടുകൾ പൊളിച്ചിരുന്നുവെന്ന കണക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ സമർപ്പിച്ചു. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും പൊളിക്കൽ നടപടികൾ തുടർന്നോ എന്ന ചോദ്യത്തിന് കേന്ദ്രം മറുപടി നൽകിയില്ല. ഇക്കാര്യം അതീവ ഗൌരവതരമാണെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും കോടതി വിശദമായി നോക്കിക്കാണുന്നുണ്ടെന്നും ബെഞ്ച് താക്കീത് നൽകി. നഷ്ടപരിഹാരം നൽകണമെന്ന ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തിനും ഹരജിക്കാർക്കും കോടതി നിർദേശം നൽകി. രണ്ടാഴ്ചക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും. അതുവരെ തൽസ്ഥിതി തുടരാനാണ് നിർദേശം.
ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡല്‍ഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജംഇയത്തുല്‍ ഉലമ ഹിന്ദ് ഉള്‍പ്പെടുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
ഉത്തരവുമായി എത്തിയിട്ടും പൊളിക്കല്‍ തുടര്‍ന്നെന്ന് ബൃന്ദ കാരാട്ട്
ജഹാംഗീർപുരിയിലെ കെട്ടിടം പൊളിക്കൽ കേസില്‍ സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ടും സുപ്രിംകോടതിയിൽ ഹരജി നൽകിയിരുന്നു. സുപ്രിംകോടതിയുടെ ഉത്തരവുമായി 10.45ന് ജഹാംഗീർപുരിയില്‍ എത്തി, അധികൃതരെ ഉത്തരവ് കാണിച്ചിട്ടും 12.45 വരെ പൊളിക്കൽ നടപടി തുടർന്നെന്ന് ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു.
ജഹാംഗീർപുരിയിലെ വീടുകളും ചെറിയ കടകളും പൊളിച്ച് ജെസിബി മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ഇന്നലെ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതിയുടെ ഉത്തരവ് വന്നത്. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കെട്ടിടങ്ങൾ പൊളിക്കുന്നത് നിർത്തി വെക്കണം എന്ന് പ്രദേശവാസികൾ അധികൃതരോട് അഭ്യർഥിച്ചു. എന്നാൽ കോടതി ഉത്തരവ് തങ്ങൾക്ക് ലഭിച്ചില്ല എന്നായിരുന്നു ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടെ വാദം. കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിക്കുന്നത് തുടരുന്നതിനിടെയാണ് ബൃന്ദ കാരാട്ട് ജഹാംഗീർപുരിയിൽ എത്തിയത്. കെട്ടിടങ്ങൾ പൊളിക്കാൻ ഒരുങ്ങിയ ജെസിബിയുടെ മുന്നിൽ കയറി നിന്ന് ബൃന്ദ കാരാട്ട് തടഞ്ഞു. കോടതി ഉത്തരവിന്‍റെ പകർപ്പ് ഫോണിൽ അധികൃതരെ കാണിച്ചു കൊണ്ടാണ് ബൃന്ദ കാരാട്ട് സംസാരിച്ചത്. ബിജെപി ബുൾഡോസർ രാഷ്ട്രീയമാണ് നടത്തുന്നത് എന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.
Summary- Demolitions in Delhi's Jahangirpuri halted. Supreme Court says will take serious view of all demolitions after our decision
Adjust Story Font
16