ആം ആദ്മി - ബി.ജെ.പി അംഗങ്ങൾ തമ്മിൽ കയ്യാങ്കളി; ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് തടസപ്പെട്ടു
തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആംആദ്മി
ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പ് ആം ആദ്മി പാർട്ടി - ബിജെപി അംഗങ്ങൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് തടസ്സപ്പെട്ടു. ബി.ജെ.പി അംഗമായ സത്യ ശർമയെ പ്രിസൈഡിങ് ഓഫീസറായി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന നിയമിച്ചതാണ് ആംആദ്മി പാർട്ടിയെ പ്രകോപിപ്പിച്ചത്.
കീഴ് വഴക്കം മറികടന്ന് ഗവർണറുടെ നോമിനേറ്റഡ് അംഗങ്ങൾക്ക് ആദ്യം വോട്ട് ചെയ്യാൻ സത്യ ശർമ അവസരം നൽകിയെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലാത്തതിനാൽ ഡെപ്യൂട്ടി മേയർ, സ്റ്റാൻഡിങ് കൗൺസിൽ അംഗങ്ങൾ എന്നിവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആണ് ബി.ജെ.പി ശ്രമിക്കുന്നത് എന്ന് ആംആദ്മിയും ആരോപിച്ചു. ആംആദ്മി പാർട്ടി അംഗങ്ങൾ മുദ്രാവാക്യവുമായി എത്തിയതോടെ ബി.ജെ.പി അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി അംഗങ്ങളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഹാളിൽ നിന്ന് മാറ്റി.
ആം ആദ്മി സ്ഥാനാർഥിയായി ഷെല്ലി ഒബ്‌റോയും ബി.ജെ.പി സ്ഥാനാർഥിയായി രേഖ ഗുപ്തയുമാണ് മത്സരിക്കുന്നത്. 250 അംഗ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ 134 പേരുടെ പിന്തുണയാണ് എഎപിക്ക് ഉള്ളത്. ബി.ജെ.പിക്ക് 104 ഉം കോൺഗ്രസിന് 9 ഉം കൗൺസിലർമാരുണ്ട്.
Adjust Story Font
16