കനത്ത മഴയിൽ വ്യാപകനാശം; ഡൽഹിയിൽ എല്ലാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും അവധി റദ്ദാക്കി
ഉദ്യോഗസ്ഥർ പ്രശ്‌ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. പലയിടത്തും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇതോടെ ഡൽഹിയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടെയും ഞായറാഴ്ചത്തെ അവധി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ റദ്ദാക്കി.
വെള്ളക്കെട്ടുകളും ഗതാഗതക്കുരുക്കുമടക്കമുള്ള പ്രശ്‌നങ്ങളിൽ പലയിടത്തും ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. അവധി ഒഴിവാക്കി അതത് ഉദ്യോഗസ്ഥർ പ്രശ്‌ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും അരവിന്ദ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു. 'ഇന്നലെ ഡൽഹിയിൽ 126 മില്ലിമീറ്റർ മഴ ലഭിച്ചു.മൺസൂൺ സീസണിനിലെ മൊത്തം മഴയുടെ 15 ശതമാനം മഴ വെറും 12 മണിക്കൂറിനുള്ളിൽ ലഭിച്ചു. വെള്ളക്കെട്ട് മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടി. ഞായറാഴ്ചത്തെ അവധി റദ്ദാക്കി എല്ലാ വകുപ്പികളിലെയും ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്'. കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.
ഡൽഹി മേയറോടും മന്ത്രിമാരോടും മഴക്കെടുതിയുണ്ടായ സ്ഥലങ്ങൾ സന്ദർശിക്കാനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി പൊതുമരാമത്ത് മന്ത്രി അതിഷി വെള്ളപ്പെട്ടക്കെട്ടുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കും. ഇന്നലെ രാത്രിയുണ്ടായ കനത്ത കാറ്റിലും മഴയിലും കൽക്കാജി ഉൾപ്പടെ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണു. നഗരത്തിലെ പലയിടങ്ങളിലും രൂപപ്പെട്ട വെള്ളക്കെട്ട് ഗതാഗത കുരുക്കിനും കാരണമായി.
ഞായർ,തിങ്കൾ ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ മിന്നലേറ്റ് മൂന്ന് പേർ മരിച്ചു. ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം തടസപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിൽ ഇന്ന് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Adjust Story Font
16