അപകടനില പിന്നിട്ട് യമുനയിലെ ജലനിരപ്പ്; ഡൽഹിയിൽ പ്രളയഭീതി
40 വർഷങ്ങൾക്ക് ശേഷമാണ് യമുനയിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത്
ന്യൂഡൽഹി:ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ മരണം നൂറ് കടന്നു. യമുനയിലെ ജലനിരപ്പ് 208.05 അടിയായി. 40 വർഷങ്ങൾക്ക് ശേഷമാണ് യമുനയിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത്.
അപകടനിലക്ക് മൂന്നടി മുകളിലാണ് യമുനയിൽ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് സർവകാല റെക്കോർഡ് ഭേദിച്ചതോടെ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചു പോയി. കൃഷിയെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചു. 16564 ആളുകളെ ഇതുവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. 14534 പേരാണ് ടെന്റുകളിൽ താമസിക്കുന്നത്. റോഡ് ഗതാഗതത്തെയും വെള്ളക്കെട്ട് ബാധിച്ചു.
കന്നുകാലികളെ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഭൂരിഭാഗം ആളുകളും തയ്യാറാവുന്നില്ല. യമുനയുടെ തീരത്ത് മയൂർവിഹാറിൽ മാത്രം നൂറിലധികം കുടുംബങ്ങളാണ് ടെന്റുകളിൽ താമസിക്കുന്നത്. പലരുടെയും നില അതീവ പരിതാപകരമാണ്. മതിയായ ഭക്ഷണമോ കുടിവെള്ളമോ ഇവർക്ക് ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ഇവിടെ ശുചിമുറിക്കുള്ള സൗകര്യവും പരിമിതമാണ്. സർക്കാർ ഇടപെടൽ മതിയാകുന്നില്ല എന്നതാണ് പ്രദേശവാസികൾ പറയുന്നത്. വിതരണത്തിനായി കൊണ്ടു വരുന്ന ഭക്ഷണം ഇവിടെയുള്ള പകുതി പേർക്ക് പോലും തികയുന്നില്ലെന്നും പരാതിയുണ്ട്.
ഹത്‌നികുണ്ഠ് ബാരേജിൽ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാതെ യമുനയിലെ ജലനിരപ്പ് താഴില്ല എന്നതാണ് വസ്തുത. ഇന്ന് ഉച്ചയോടെ ഇവിടെ നിന്നുള്ള വെള്ളത്തിന്റെ അളവ് കുറയ്ക്കുമെന്നും ജലനിരപ്പ് താഴുമെന്നുമാണ് ഡൽഹി സർക്കാർ അറിയിച്ചിരിക്കുന്നത്. ഡൽഹിയിൽ ലെഫ്റ്റ്നെൻ്റ് ഗവർണർ വിളിച്ച ദുരന്ത നിവാരണ അതോറിറ്റി യോഗം ഇന്ന് നടക്കും.
Adjust Story Font
16