ചുളുവിലയിൽ വ്യാജ പാസ്‌പോർട്ടും വിസയും; അമേരിക്കയിലേക്ക് വരെ ആളെ കടത്തി
സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇവ ഉപയോഗിച്ചിരുന്നത്.
ന്യൂഡൽഹി: വ്യാജ പാസ്‌പോർട്ടും വിസയും നിർമിച്ച് നൽകുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനെ മുംബൈയിൽ നിന്ന് പിടികൂടി. ഡൽഹി പോലീസിന്റെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) എയർപോർട്ട് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 325 വ്യാജ പാസ്‌പോർട്ടുകളും 1200 വ്യാജ സ്റ്റാമ്പുകളും ഇയാളിൽ നിന്ന് പോലീസ് കണ്ടെത്തി.
ഓസ്‌ട്രേലിയ, ചൈന, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പാസ്പോർട്ടുകളും 175ലധികം വ്യാജ വിസകളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് ഡിസിപി ശർമ വ്യക്തമാക്കി. ഇവ നിർമിക്കാനുപയോഗിച്ച 77 ബയോ പേജുകൾ, 12 പ്രിന്ററുകൾ, പാസ്‌പോർട്ടിലെ ഫോട്ടോ കൃത്യത (accuracy) മാറ്റാൻ സഹായിക്കുന്ന പോളിമർ സ്റ്റാമ്പ് മെഷീൻ, ഒരു അൾട്രാവയലറ്റ് ലൈറ്റ് മെഷീൻ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും ഇവ ഉപയോഗിച്ചിരുന്നത്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഇങ്ങനെ അമേരിക്കയിൽ പോലും ആളുകൾക്ക് സ്ഥിരതാമസമൊരുക്കാൻ ഇവർക്ക് കഴിഞ്ഞുവെന്ന വസ്തുത ഞെട്ടിക്കുന്നതാണെന്ന് പൊലീസ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് കൈവശം വെച്ചതിന് 2022 ജൂണിൽ രവി രമേഷ്ഭായ് ചൗധരി എന്നയാളെ കുവൈറ്റിൽ നിന്ന് നാടുകടത്തിയിരുന്നു. ഗുജറാത്ത്, മുംബൈ എന്നിവടങ്ങളിൽ നിന്നുള്ള ചില ഏജന്റുമാരുമായി താൻ ബന്ധപ്പെട്ടിരുന്നുവെന്ന് രവി പൊലീസിനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് വ്യാജ പാസ്പോർട്ടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവർക്കെതിരെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
Adjust Story Font
16