'എന്തുകൊണ്ട് പാകിസ്താനിൽ പോയില്ല?'; വിദ്വേഷ പരാമര്‍ശത്തില്‍ ഡൽഹി സ്‌കൂൾ അധ്യാപികയെ പൊലീസ് ചോദ്യംചെയ്യും
'ചന്ദ്രയാൻ 3'ന്റെ വിജയത്തെക്കുറിച്ചു വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു അധ്യാപിക ഹേമയുടെ വിദ്വേഷ പരാമർശങ്ങൾ
ന്യൂഡൽഹി: ഡൽഹിയിൽ മുസ്‍ലിം വിദ്യാർത്ഥികളോട് വിദ്വേഷ ചോദ്യങ്ങൾ ചോദിച്ച സർക്കാർ സ്‌കൂൾ അധ്യാപികയ്‌ക്കെതിരെ അന്വേഷണം തുടരുന്നു. ഗാന്ധിനഗർ സർവോദയ ബാല വിദ്യാലയത്തിലെ അധ്യാപിക ഹേമ ഗുലാത്തിക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ഹേമയെ ഡൽഹി പൊലീസ് ഉടൻ ചോദ്യം ചെയ്തേക്കും.
ഇന്നലെയാണ് അധ്യാപികയ്‌ക്കെതിരെ ഒരു വിദ്യാർത്ഥിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയത്. വിഭജനസമയത്ത് എന്തുകൊണ്ട് പാകിസ്താനിലേക്ക് പോയില്ലെന്നായിരുന്നു മുസ്‌ലിം വിദ്യാർത്ഥികളോട് അധ്യാപികയുടെ ചോദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഒരു സംഭാവനയും ചെയ്തിട്ടില്ലെന്ന് അധിക്ഷേപിക്കുകയും ചെയ്തു.
മുസ്‌ലിംകൾ ഇറച്ചി കഴിക്കുന്നവരാണെന്ന് അധിക്ഷേപിച്ചതായും മറ്റു വിദ്യാർത്ഥിയുടെ മാതാവ് പരാതി നൽകി. ഖുർആനെയും ഇവർ അധിക്ഷേപിച്ചെന്ന് പരാതിയിലുണ്ട്. മുസ്്‌ലിമായതുകൊണ്ട് താൻ ഇന്ത്യക്കാരനാകില്ലേ എന്നാണു ഒരു വിദ്യാർത്ഥി ചോദിച്ചത്. കൃത്യമായ വർഗീയ വിദ്വേഷമാണിത്. ഇതിനുമുൻപും ഇതേ അധ്യാപിക ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം വിദ്യാർത്ഥികൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാനാണ് അധ്യാപികയുടെ നീക്കമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ മുസഫർനഗർ സ്‌കൂളിൽ മുസ്‌ലിം വിദ്യാർത്ഥിയെ തല്ലിച്ച സംഭവത്തിനെതിരെ വൻ പ്രതിഷേധമുയർന്നതിനു പിന്നാലെയാണ് ഡൽഹിയിലെയും സംഭവം പുറത്തുവരുന്നത്. 'ചന്ദ്രയാൻ 3'ന്റെ വിജയത്തെക്കുറിച്ചു വിദ്യാർത്ഥികളോട് സംസാരിക്കുന്നതിനിടെയായിരുന്നു അധ്യാപിക ഹേമ ഗുലാത്തിയുടെ വിദ്വേഷ പരാമർശങ്ങൾ. ഇവർക്കെതിരെ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് റിപ്പോർട്ടുണ്ട്.
Summary: Delhi Police to interrogate the government school teacher in communal hate slur against Muslim students
Adjust Story Font
16