ഗണേശ ചതുർഥി: ഡൽഹിയിൽ വിഗ്രഹങ്ങൾ നദിയിലൊഴുക്കിയാൽ പിഴ
വിഗ്രഹങ്ങളൊഴുക്കുന്നതിന് കൃത്രിമ ജലാശയങ്ങൾ നിർമിക്കാൻ മലിനീകരണ നിയന്ത്രണ കമ്മിറ്റി ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്
ന്യൂഡൽഹി: ഗണേശ ചതുർഥിയോടനുബന്ധിച്ച് വിഗ്രഹങ്ങൾ നദിയിലൊഴുക്കുന്നതിന് ഡൽഹിയിൽ വിലക്ക്. യമുനയിലോ മറ്റ് ജലാശയങ്ങളിലോ വിഗ്രഹങ്ങളൊഴുക്കിയാൽ 50,000 രൂപ പിഴയാണ് ശിക്ഷ. ആറ് വർഷം വരെ തടവും ലഭിക്കാം.
ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റിയാണ് തിങ്കളാഴ്ച ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. വിഗ്രഹങ്ങളൊഴുക്കാൻ കൃത്രിമ ജലാശയങ്ങൾ നിർമിക്കാൻ കമ്മിറ്റി ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമിച്ച വിഗ്രഹങ്ങളുമായി നഗരത്തിലേക്ക് കടക്കുന്ന വാഹനങ്ങളെ തടയാൻ പോലീസിനും നിർദേശമുണ്ട്.
വിഗ്രഹങ്ങൾ നദികളിലുപേക്ഷിക്കുന്നത് വലിയ മലിനീകരണത്തിന് വഴിവയ്ക്കുന്നതിനാലാണ് ഡൽഹി സർക്കാർ കർശന നിർദേശവുമായി രംഗത്തെത്തിയത്. "വിഗ്രഹം നിർമിക്കുന്നതിനുപയോഗിക്കുന്ന പെയിന്റുകളിലും മറ്റും മെർക്കുറി,സിങ്ക് ഓക്‌സൈഡ്, ക്രോമിയം തുടങ്ങിയ കെമിക്കലുകളുണ്ട്. ഇവ ജലജീവികളെ കാര്യമായി ബാധിക്കും. തന്നെയല്ല, ഇതുവഴി ഇവ മനുഷ്യശരീരത്തിലെത്തിയാൽ ഇവ കാൻസറിന് വരെ കാരണമാകാം. നിരവധി ത്വക്ക് രോഗങ്ങൾക്കും ഇത് വഴി വക്കും". മലിനീകരണ ബോർഡ് പ്രസ്താവനയിൽ അറിയിച്ചു.
ആഗസ്റ്റ് 31നാണ് ഗണേശ ചതുർഥി. സെപ്റ്റംബർ 9നാണ് വിഗ്രഹങ്ങളൊഴുക്കുന്ന ചടങ്ങ്.
Adjust Story Font
16