Quantcast

"മലിനീകരണം തടയാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ ഒന്നും നടപ്പാക്കുന്നില്ല": വിമര്‍ശനവുമായി സുപ്രിംകോടതി

സെൻട്രൽ വിസ്തയിലെ നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വായു മലിനീകരണത്തിന് വഴിയൊരുക്കുമെന്ന് സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ വികാസ് സിംഗ്

MediaOne Logo

Web Desk

  • Published:

    29 Nov 2021 8:36 AM GMT

മലിനീകരണം തടയാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ ഒന്നും നടപ്പാക്കുന്നില്ല: വിമര്‍ശനവുമായി സുപ്രിംകോടതി
X

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. വായു മലിനീകരണം തടയാൻ എൻസിആറും എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷനും നൽകിയ നിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാന്‍ സുപ്രിംകോടതി ആവശ്യപ്പെട്ടു.

"ലക്ഷ്യം നല്ലതാണ്. മലിനീകരണം തടയാൻ നിർദേശങ്ങൾ നൽകിയിട്ടുണ്ട്, എന്നാൽ അവ പ്രാവർത്തികമാക്കുന്നില്ല. നിർദേശങ്ങൾ നടപ്പിലാക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഒരാളെ ജയിലിലടച്ചതുകൊണ്ടോ കുറ്റം ചുമത്തിയതുകൊണ്ടോ പ്രയോജനമില്ല. നൽകിയ നിർദേശങ്ങൾ നടപ്പിലാക്കുന്നില്ലെങ്കിൽ കര്‍മസേനയെ ചുമതലപ്പെടുത്തേണ്ടിവരും"- ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. നിർദേശങ്ങൾ നടപ്പിലാക്കാൻ നടപടികൾ ഉടനടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുൾപ്പെട്ട ബെഞ്ച് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഹർജി ഡിസംബർ രണ്ടിന് വീണ്ടും പരി​ഗണിക്കും.

വായു മലിനീകരണത്തിന് പുറമേ കോവിഡിന്‍റെ അതിതീവ്ര വ്യാപന ശേഷിയുള്ള പുതിയ വകഭേദമായ ഒമിക്രോണിന്‍റെ സാന്നിധ്യം കൂടി കണ്ടെത്തിയ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. അതേസമയം സെൻട്രൽ വിസ്തയിൽ നടന്നുകൊണ്ടിരിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ വായു മലിനീകരണത്തിന് വഴിയൊരുക്കുമെന്ന് സുപ്രിംകോടതി മുതിർന്ന അഭിഭാഷകൻ വികാസ് സിം​ഗ് ചൂണ്ടിക്കാട്ടി. വിഷയത്തിൽ സുപ്രിംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി.

നിർദേശങ്ങൾ നടപ്പിലാക്കുന്നുവെന്ന് നേരിട്ട് സന്ദർശിച്ച് ഉറപ്പുവരുത്തുമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വർക്ക് ഫ്രം ഹോം ഉൾപ്പെടെ വായു മലിനീകരണം തടയാൻ സ്വീകരിച്ച വിവിധ നടപടികളെക്കുറിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത നേരത്തെ കോടതിയെ അറിയിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ നിർമാണ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകാനും സുപ്രിംകോടതി നിർദേശിച്ചു.

TAGS :

Next Story