ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി
2020 ഏപ്രിൽ മുതൽ ഉമർ ജയിലിലാണ്
ഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. കർക്കർദുമ കോടതിയാണ് ഉമറിന്റെ അപേക്ഷ തള്ളിയത്. ഉമറിന്റെ ജാമ്യാപേക്ഷയെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ഉമറിന്റേത് നിസ്സാരവും അടിസ്ഥാനരഹിതവുമായ ആവശ്യമാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
2020ൽ നടന്ന ഡൽഹി കലാപത്തിൻറെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22നാണ് ജെ.എൻ.യു വിദ്യാർഥി നേതാവായ ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കം 18 വകുപ്പുകൾ ചുമത്തുകയും ചെയ്തിരുന്നു.
ഡൽഹി പൊലീസിന്റെ കുറ്റപത്രത്തിൽ ഉമർ ഖാലിദിനെതിരെ ഭീകരവാദ ആരോപണങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്നും കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ആവർത്തിക്കുന്നതിലൂടെ ഒരു നുണ സത്യമാകില്ലെന്നും ഉമർ ഖാലിദിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. തന്റെ കക്ഷിക്കെതിരെ ഹീനമായ മാധ്യമ വിചാരണ നടക്കുന്നതായും ഖാലിദിന്റെ അഭിഭാഷകൻ ആരോപിച്ചിരുന്നു.
ഉമർ ഖാലിദ് 2020 ൽ 23 സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിരുന്നതായും ഇത് കലാപത്തിന് കാരണമായെന്നുമാണ് ഡൽഹി പൊലീസിന്റെ ആരോപണം. ഇത്രയും നീണ്ട കാലയളവിൽ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഒരു തവണ മാത്രമാണ് ഖാലിദിന് ജാമ്യം ലഭിച്ചത്.
Adjust Story Font
16