Quantcast

കോളജ് പരിപാടികളിൽ നിയന്ത്രണവുമായി ഡൽഹി സർവകലാശാല; പൊലീസ് അനുമതി വേണം, രജിസ്റ്റർ ചെയ്താൽ മാത്രം പ്രവേശനം

പരിപാടികൾക്ക് മുന്നോടിയായി ഗൂഗിൾ ഫോമിലെ പോലെ പ്രീ രജിസ്‌ട്രേഷൻ സംവിധാനം സജ്ജമാക്കണം.

MediaOne Logo

Web Desk

  • Published:

    18 April 2023 7:05 AM GMT

കോളജ് പരിപാടികളിൽ നിയന്ത്രണവുമായി ഡൽഹി സർവകലാശാല; പൊലീസ് അനുമതി വേണം, രജിസ്റ്റർ ചെയ്താൽ മാത്രം പ്രവേശനം
X

ന്യൂ‍ഡൽഹി: സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിലെ പരിപാടികളിൽ നിയന്ത്രണങ്ങളുമായി ഡൽഹി യൂണിവേഴ്സിറ്റി. പരിപാടികളിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ഇനി മുതൽ പ്രവേശനം അനുവദിക്കൂ എന്നാണ് സർവകലാശാല വ്യക്തമാക്കിയിരിക്കുന്നത്. പരിപാടിക്ക് മുന്നോടിയായി പ്രീ-രജിസ്ട്രേഷൻ സംവിധാനം ഒരുക്കുമെന്ന് പറഞ്ഞ സർവകലാശാല, പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ ഒരു പരിപാടിയും നടത്തരുതെന്ന് കോളജുകൾക്ക് നിർദേശം നൽകുകയും ചെയ്തു.

സാംസ്‌കാരിക മേളകളിലും മറ്റു പരിപാടികളിലും മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്ക് മാത്രമേ ഇനി മുതൽ പ്രവശനം നൽകാവൂ എന്നാണ് കോളജുകൾക്ക് സർവകലാശാല നിർദേശം നൽകിയിരിക്കുന്നത്. പരിപാടികൾക്ക് മുന്നോടിയായി ഗൂഗിൾ ഫോമിലെ പോലെ പ്രീ രജിസ്‌ട്രേഷൻ സംവിധാനം സജ്ജമാക്കണം.

പരിപാടിയുടെ തിയതി, വേദി, പങ്കെടുക്കുന്നവരുടെ എണ്ണം തുടങ്ങിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് രജിസ്‌ട്രേഷൻ തയാറാക്കേണ്ടത്. ഈ ഫോമുകളിൽ പങ്കെടുക്കുന്നവരുടെ കോളജ് ഐ.ഡി കാർഡുകൾ ഉൾപ്പെടെ സ്‌കാൻ ചെയ്ത് നൽകണമെന്നും നിർദേശത്തിലുണ്ട്. ഫോമിന്റെ പകർപ്പ് ഡൽഹി പൊലീസീന് സമർപ്പിക്കണം. അവരുടെ അനുമതിയുണ്ടെങ്കിൽ മാത്രമേ ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ പരിപാടികൾ നടത്താൻ പാടുളളൂ.

ഇതുവരെ കോളജുകൾ ഒരു തരത്തിലുമുള്ള അനുമതികളും വാങ്ങാതെയായിരുന്നു പരിപാടികളും നടത്തിയിരുന്നത്. എന്നാൽ ഇനി മുതൽ ഡൽഹി പൊലീസിന്റെ അനുമതിയുണ്ടെങ്കിലേ വിദ്യാർഥികൾക്ക് കോളജിനകത്ത് പരിപാടികൾ നടത്താൻ സാധിക്കൂ. 17 മാർഗനിർദേശങ്ങളാണ് സർവകലാശാല പുറത്തിറക്കിയിരിക്കുന്നത്. എല്ലാ കോളജ് ഗേറ്റുകളിലും സിസിടിവികൾ വേണമെന്നും നിർദേശമുണ്ട്.

രണ്ടാഴ്ച മുമ്പായിരുന്നു ഇന്ദ്രപ്രസ്ഥ വനിതാ കോളജിലെ ഫെസ്റ്റുമയി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നത്. പുറത്തുനിന്നുള്ള ആൺകുട്ടികൾ പെൺകുട്ടികളുടെ കോളജുകളിലേക്ക് അനധികൃതമായി കടന്നുകയറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തു എന്ന് ഡൽഹി പൊലീസിന് വിദ്യാർഥിനികൾ പരാതി നൽകിയിരുന്നു. വനിതാ കമ്മീഷനുൾപ്പെടെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് സർവകലാശാല കർശന നിർദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്.

TAGS :

Next Story