ഉച്ചത്തിൽ പാട്ട് വെക്കുന്നതിനെ എതിര്‍ത്തു; പൂർണഗർഭിണിയെ അയൽവാസി വെടിവെച്ചു, കുഞ്ഞിനെ നഷ്ടപ്പെട്ടു
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തിട്ടില്ല
ന്യൂഡൽഹി: ഉച്ചത്തില്‍ പാട്ട് വെക്കുന്നതിനെ എതിർത്ത പൂർണഗർഭിണിയെ അയൽവാസി വെടിവെച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സിരാസ്പൂരിൽ തിങ്കളാഴ്ച പുലർച്ചെ 12:15 ഓടെയാണ് സംഭവം. രഞ്ജു (30 ) എന്ന യുവതിക്കാണ് പരിക്കേറ്റത്. അയൽവീട്ടിൽഉച്ചത്തിലുള്ള സംഗീതം വെച്ചത് യുവതി എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായി യുവാവ് ഗർഭിണിക്ക് നേരെ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഗർഭം അലസിയതായി പൊലീസ് പറഞ്ഞു.യുവതി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
ഗർഭിണിയെ വെടിവെച്ച ഹരീഷ്, ഇയാൾക്ക് തോക്ക് നൽകിയ സുഹൃത്ത് അമിത് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയുടെ കഴുത്തിനാണ് വെടിയേറ്റതെന്ന് ആശുപത്രിയിലെ ഡോക്ടർമാർ പൊലീസിനോട് പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർരവികുമാർ സിംഗ് പറഞ്ഞു. ദൃക്‌സാക്ഷിയും യുവതിയുടെ സഹോദരഭാര്യയായുമായ യുവതിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഹരീഷിന്റെ മകനുവേണ്ടിയുള്ള പൂജ ചടങ്ങായിരുന്നു വീട്ടിൽ നടന്നത്. ചടങ്ങിനിടെ ഡിജെ സംഗീതം വെക്കുകയായിരുന്നു . രഞ്ജു തന്റെ ബാൽക്കണിയിൽ നിന്ന് ഹരീഷിനോട് സംഗീതം നിർത്താൻ ആവശ്യപ്പെട്ടുവെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ പറയുന്നു.സുഹൃത്ത് അമിതിൽ നിന്ന് തോക്ക് എടുത്ത് ഹരീഷ് വെടിയുതിർക്കുകയായിരുന്നു.
മൂന്ന് കുട്ടികളുടെ അമ്മയാണ് വെടിയേറ്റ യുവതി. ഗർഭം അലസിയതിനാൽ കൂടുതൽ ശസ്ത്രക്രിയയകൾ വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയച്ചതായി യുവതിയുടെ കുടുംബം പറഞ്ഞു. പരിക്കേറ്റ യുവതിയുടെ ഭർത്താവ് കൂലിപ്പണിക്കാരനാണ്. ബിഹാർ സ്വദേശികളായ ഇവര്‍ പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിനുള്‍പ്പടെ കേസെടുത്തിട്ടുണ്ട്. പ്രതിയായ ഹരീഷ് ഡെലിവറി ബോയ് ആയും അമിത് മൊബൈൽ റിപ്പയർ ഷോപ്പിലുമാണ് ജോലി ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.
Adjust Story Font
16