ഡൽഹിയിലെ 'മുഹമ്മദ്പൂർ' ഗ്രാമത്തിന്‍റെ പേര് മാറ്റി, 'മാധവപുരം' എന്ന് വിളിക്കുമെന്ന് ബി.ജെ.പി
ഹൗസ് ഖാസ്, ബീഗംപൂർ, ഷെയ്ഖ് സറായ് എന്നിവയുൾപ്പെടെ ഡല്‍ഹിയിലെ 40 ഗ്രാമങ്ങളുടെ പേരുകൾ മാറ്റാന്‍ ഡൽഹി സർക്കാരിന് നിർദേശങ്ങള്‍ അയയ്ക്കുമെന്ന് ബി.ജെ.പി
ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ 'മുഹമ്മദ്പൂർ' ഗ്രാമത്തെ ഇനി മുതല്‍ 'മാധവപുരം' എന്ന് വിളിക്കുമെന്ന് ബി.ജെ.പി. ഡല്‍ഹി ബി.ജെ.പി അധ്യക്ഷന്‍ അദേഷ് ഗുപ്തയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും 'മാധവപുരത്തേക്ക് സ്വാഗതം' എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് പേര് മാറ്റം പ്രഖ്യാപിച്ചത്. 'മുഹമ്മദ്പൂർ' ഗ്രാമത്തിന്‍റെ പ്രവേശന കവാടത്തിലാണ് പുതിയ ബോര്‍ഡ് ബി.ജെ.പി സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയോട് ഈ പേര് മാറ്റം ആവശ്യപ്പെട്ടെങ്കിലും ഒരു വിധ നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് ആരോപിച്ചാണ് ബി.ജെ.പി നേരിട്ട് പേര് മാറ്റത്തിനിറങ്ങിയത്.
'മാധവപുരം' എന്ന പേര് മാറ്റാനുള്ള നിർദേശത്തിന് നഗരസഭ അംഗീകാരം നല്‍കിയിരുന്നതായും പേരുമാറ്റ നടപടികൾ ഇന്ന് പൂർത്തിയായതായും ബി.ജെ.പി അധ്യക്ഷന്‍ അദേഷ് ഗുപ്ത ട്വിറ്ററില്‍ അറിയിച്ചു.
"ഇനി മുതൽ ഈ ഗ്രാമം 'മുഹമ്മദ്പൂർ' എന്നതിന് പകരം 'മാധവപുരം' എന്നായിരിക്കും. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിനു ശേഷം 'അടിമത്തത്തിന്‍റെ ഒരു പ്രതീകവും' ഡൽഹി നഗരത്തിന്‍റെ ഭാഗമാക്കാന്‍ പ്രദേശവാസികള്‍ക്ക് ആഗ്രഹമില്ല"; അദേഷ് ഗുപ്ത ട്വിറ്ററിൽ കുറിച്ചു. പേര് മാറ്റം പ്രഖ്യാപിക്കുന്ന പുതിയ ബോർഡിന്‍റെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
അതെ സമയം നഗരസഭയുടെ നിർദേശം ഡൽഹി സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സംസ്ഥാന നാമകരണ അതോറിറ്റി അംഗീകാരം ലഭിച്ചാല്‍ മാത്രമേ റോഡുകൾക്കും ഗ്രാമങ്ങള്‍ക്കും പേര് മാറ്റം സാധ്യമാകൂ. ഡൽഹി സര്‍ക്കാര്‍ ബിജെപിയുടെ പേര് മാറ്റ നീക്കത്തോട് ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.
അതിനിടെ ഹൗസ് ഖാസ്, ബീഗംപൂർ, ഷെയ്ഖ് സറായ് എന്നിവയുൾപ്പെടെ 40 ഗ്രാമങ്ങളുടെ പേരുകൾ മാറ്റാന്‍ ഡൽഹി സർക്കാരിന് നിർദേശങ്ങള്‍ അയയ്ക്കുമെന്ന് അദേഷ് ഗുപ്ത അറിയിച്ചു. ഈ ഗ്രാമങ്ങളിൽ നിന്ന് പേരുകൾ മാറ്റാൻ പാർട്ടിക്ക് ധാരാളം അഭ്യർത്ഥനകൾ ലഭിക്കുന്നുണ്ടെന്നും അവയുടെ പേരുകൾ മാറ്റുന്നതിനുള്ള നിർദേശങ്ങൾ ആരംഭിക്കാൻ നഗരസഭാ മേയർ, കമ്മീഷണർ എന്നിവര്‍ക്ക് കത്തെഴുതുമെന്നും അദേഷ് ഗുപ്ത പറഞ്ഞു.
Delhi's Mohammadpur village will be called Madhavpuram, says BJP
Adjust Story Font
16