Quantcast

ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ

ഡെൽറ്റ വകഭേദത്തിനു സമാനമാണ് ഡെൽറ്റ പ്ലസുമെന്നും ഇത് മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്നും പ്രമുഖ പകർച്ചവ്യാധി, ആരോഗ്യ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Published:

    2 July 2021 1:21 PM GMT

ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമാകില്ലെന്ന് ആരോഗ്യ വിദഗ്ധർ
X

ഇന്ത്യയെ പിടിച്ചുലച്ച കോവിഡ് രണ്ടാം തരംഗത്തിനുശേഷം പുതിയ വകഭേദങ്ങൾകൂടി പിടിമുറുക്കുന്ന ഭീതിയിലാണ് രാജ്യം. തീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് മൂന്നാം തരംഗത്തിനിടയാക്കുമെന്ന ആശങ്ക രാജ്യത്തുണ്ട്. എന്നാൽ, ഡെൽറ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധർ സൂചിപ്പിക്കുന്നത്.

ഡെൽറ്റ വകഭേദത്തിനു സമാനമാണ് ഡെൽറ്റ പ്ലസുമെന്നും ഇത് മൂന്നാം തരംഗത്തിലേക്ക് നയിക്കില്ലെന്നും പ്രമുഖ പകർച്ചവ്യാധി, ആരോഗ്യ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ചന്ദ്രകാന്ത് ലഹാരിയ വ്യക്തമാക്കി. ഡെൽറ്റ വകഭേദം വഴിയാണ് രാജ്യത്ത് രണ്ടാം തരംഗമുണ്ടായത്. ബഹുഭൂരിഭാഗം പേർക്കും ഡെൽറ്റ ബാധിക്കുകയും ചെയ്തു. അവരെല്ലാം ഇതിനെതിരെ രോഗപ്രതിരോധശേഷി കൈവരിക്കുകയും ചെയ്തിട്ടുണ്ടാകണം. ഡെൽറ്റയ്ക്കു സമാനമായതിനാൽ ഡെൽറ്റ പ്ലസിനെ ചെറുക്കാനും ജനങ്ങൾക്കാകും-ദേശീയ മാധ്യമമായ 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസി'ന് നൽകിയ അഭിമുഖത്തിൽ ചന്ദ്രകാന്ത് സൂചിപ്പിച്ചു.

രണ്ടു വകഭേദങ്ങളും സമാനമായതിനാൽ അവ ആളുകളിൽ പകരുന്ന രീതിയിലും വലിയ മാറ്റമൊന്നുമുണ്ടാകില്ലെന്നും ചന്ദ്രകാന്ത് അഭിപ്രായപ്പെട്ടു. കാലമാകുന്നതിനനുസരിച്ച് ആളുകളിൽ രോഗപ്രതിരോധശേഷി കുറയുക വഴിയായിരിക്കും രാജ്യത്ത് ഒരു മൂന്നാം തരംഗമുണ്ടാകുക. വാക്‌സിനേഷൻ പരിപാടികൾക്ക് വേഗത കൂട്ടുക മാത്രമാണ് ഈ തരംഗത്തെ തടഞ്ഞുനിർത്താനുള്ള മാർഗമെന്നും അദ്ദേഹം നിർദേശിച്ചു.

TAGS :
Next Story