Quantcast

അവധി നിഷേധിച്ചു; എസ്.പി ഓഫിസിലേക്ക് പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായെത്തി പൊലീസുകാരൻ

രോ​ഗിയായ ഭാര്യയേയും കുഞ്ഞിനേയും പരിചരിക്കാനായി ലീ​വ് ചോദിച്ചെങ്കിലും എസ്.പി നൽകിയില്ല.

MediaOne Logo

Web Desk

  • Updated:

    2023-01-12 11:24:03.0

Published:

12 Jan 2023 11:18 AM GMT

അവധി നിഷേധിച്ചു; എസ്.പി ഓഫിസിലേക്ക് പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായെത്തി പൊലീസുകാരൻ
X

ഇറ്റാവ: അവധിക്കുള്ള അപേക്ഷ മേലുദ്യോ​ഗസ്ഥൻ നിഷേധിച്ചതോടെ കുഴിയിൽ വീണ് മരണപ്പെട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹവുമായി അദ്ദേഹത്തിന്റെ ഓഫിസിലെത്തി പൊലീസ് കോൺസ്റ്റബിൾ. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ ന​ഗർ ജില്ലയിലാണ് ഹൃദയഭേ​ദ​കമായ സംഭവം.

ബൈദ്പുര പൊലീസ് സ്റ്റേഷനിലെ കോൺ​സ്റ്റബിൾ സോനു ചൗധരിക്കാണ് കുഞ്ഞിന്റെ ചേതനയറ്റ ശരീരവുമായെത്തി താൻ പറഞ്ഞത് കളവല്ലെന്ന് പൊലീസ് സൂപ്രണ്ടിനെ വിശ്വസിപ്പിക്കേണ്ടിവന്നത്. അവധിക്കായി പറഞ്ഞ കാരണം വ്യാജമല്ലെന്ന് തെളിയിക്കാനായിരുന്നു പൊലീസുകാരൻ ഇത്തരത്തിൽ ചെയ്തത്.

രോ​ഗിയായ ഭാര്യയേയും കുഞ്ഞിനേയും പരിചരിക്കാനായി ലീ​വ് ചോദിച്ചെങ്കിലും എസ്.പി നൽകിയില്ലെന്ന് സോനു ചൗധരി പറഞ്ഞു. തന്നെ ജോലിയിൽ തളച്ചിട്ടതിനാൽ കുഞ്ഞിനെയും ഭാര്യയേയും നോക്കാൻ സാധിച്ചില്ലെന്നും അങ്ങനെ കുഞ്ഞ് കുഴിയിൽ വീണ് മരിക്കുകയുമായിരുന്നു എന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു.

കഴിഞ്ഞയാഴ്ച മുതൽ ഭാര്യ കവിതയ്ക്ക് സുഖമില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ജനുവരി ഏഴിന് എസ്.പി (സിറ്റി) കപിൽ ദേവിന്റെ ഓഫീസിൽ അവധിക്ക് അപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് താൻ ജോലിക്ക് പോയപ്പോൾ മകൻ വീടിന് പുറത്തേക്ക് പോവുകയും കുഴിയിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി സോനു ചൗധരി വ്യക്തമാക്കി. സുഖമില്ലാതെ കിടന്നതിനാൽ കുട്ടി പുറത്തേക്ക് പോയത് ഭാര്യ കാണുകയോ കുഴിയിൽ വീണ കാര്യം അറിയുകയോ ചെയ്തിരുന്നില്ല.

അതേസമയം, സംഭവത്തിനു പിന്നാലെ സ്റ്റേഷനിലെ മറ്റൊരു ഉദ്യോഗസ്ഥർ കോൺസ്റ്റബിളിനെ ആശ്വസിപ്പിക്കുകയും ഏകതാ കോളനിയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഒരു കെട്ടിടത്തിന്റെ താഴത്തെ നിലയിൽ രണ്ട് മുറികളുള്ള വീട്ടിലാണ് പൊലീസ് കോൺസ്റ്റബിളും കുടുംബവും താമസിക്കുന്നത്.

TAGS :

Next Story