Quantcast

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍; ശിക്ഷാ കാലയളവിനിടയില്‍ പുറത്തിറങ്ങിയത് 10 തവണ

21 ദിവസത്തെ പരോളാണ് ലഭിച്ചത്

MediaOne Logo

Web Desk

  • Published:

    13 Aug 2024 4:50 AM GMT

Gurmeet Ram Rahim
X

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് വീണ്ടും പരോള്‍. ഇരട്ട ബലാത്സംഗത്തിന് 20 വർഷം തടവും രണ്ട് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലിൽ കഴിയുന്ന ഗുര്‍മീത് കഴിഞ്ഞ ദിവസമാണ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. 21 ദിവസത്തെ പരോളാണ് ലഭിച്ചത്. ശിക്ഷാ കാലയളവിനിടയില്‍ 10 തവണയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചിട്ടുള്ളത്.

ചൊവ്വാഴ്ച രാവിലെ 6.30ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഗുര്‍മീതിനെ ആശ്രമത്തില്‍ നിന്നും രണ്ടു വാഹനങ്ങളെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പരോള്‍ കാലയളവില്‍ ബാഗ്പത് ആശ്രമത്തിൽ താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. റാം റഹീമിൻ്റെ താൽക്കാലിക മോചനത്തെ ചോദ്യം ചെയ്ത് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സമർപ്പിച്ച ഹരിജി ആഗസ്ത് 9 ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് പരോൾ. പക്ഷപാതമില്ലാതെ പരോളിനുള്ള ഏത് അപേക്ഷയും അതോറിറ്റി പരിഗണിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു. ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്ക് ഒന്നിലധികം ശിക്ഷകൾ അനുഭവിക്കുന്ന റാം റഹീമിനെ മോചിപ്പിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാകുമെന്നും പൊതു ക്രമം തകർക്കുമെന്നും സുപ്രിം ഗുരുദ്വാര ബോഡിയായ എസ്‌ജിപിസി വാദിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയില്‍ 21 ദിവസത്തെ പരോളിന് ശേഷം ജയിലില്‍ തിരിച്ചെത്തി 29 ദിവസത്തിനു ശേഷം ഗുര്‍മീതിന് വീണ്ടും 50 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. ഗുര്‍മീതിന് തുടര്‍ച്ചയായി പരോള്‍ ലഭിക്കുമ്പോള്‍ സിഖ് സമൂഹത്തില്‍ അവിശ്വാസത്തിന്‍റെ അന്തരീക്ഷം രൂപപ്പെടുന്നതായി എസ്ജിപിസി വിലയിരുത്തിയിരുന്നു.

1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്‍റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു. ഒടുവില്‍ 2017ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷവും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019 ലും ഗുര്‍മീത് ശിക്ഷിക്കപ്പെട്ടിരുന്നു.

TAGS :

Next Story