Quantcast

''ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മതനേതാക്കൾക്കെതിരായ അവഹേളനത്തെ ശക്തമായി എതിര്‍ക്കുന്നു''- പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിശദീകരണം

ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയ്ക്കിടെയാണ് നുപൂർ ശർമ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമർശം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-06-05 12:34:45.0

Published:

5 Jun 2022 9:27 AM GMT

ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മതനേതാക്കൾക്കെതിരായ അവഹേളനത്തെ ശക്തമായി എതിര്‍ക്കുന്നു- പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ വിശദീകരണം
X

ന്യൂഡൽഹി: ചാനൽ ചർച്ചയ്ക്കിടെ ദേശീയ വക്താവ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ബി.ജെ.പി. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് വ്യക്തമാക്കി. വാർത്താകുറിപ്പിലൂടെയാണ് ദേശീയ വക്താവ് നുപൂർ ശർമയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ ദിവസങ്ങൾക്കുശേഷം ബി.ജെ.പി പ്രതികരണം പുറത്തുവന്നത്.

ഇന്ത്യയുടെ ആയിരക്കണക്കിനു വരുന്ന ചരിത്രത്തിൽ എല്ലാ മതവും വളർന്നു പുഷ്പിച്ചിട്ടുണ്ട്. ബി.ജെ.പി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ഏതു മതത്തെയും മതവ്യക്തിത്വങ്ങളെയും അവഹേളിക്കുന്നവരെ ബി.ജെ.പി ശക്തമായി അപലപിക്കുന്നു. ഏതു മതത്തെയും മതവിഭാഗത്തെയും അവഹേളിക്കുന്ന പ്രത്യയശാസ്ത്രത്തെയും ബി.ജെ.പി ശക്തമായി എതിർക്കുന്നു. അത്തരക്കാരെയും അത്തരം തത്വശാസ്ത്രങ്ങളെയും ബി.ജെ.പി പ്രോത്സാഹിപ്പിക്കുന്നില്ല-വാർത്താകുറിപ്പിൽ വ്യക്തമാക്കി.

സ്വന്തം ഇഷ്ടത്തിനനുസരിച്ച് ഏതു മതവും പിന്തുടരാനും എല്ലാ പൗരന്മാർക്കും ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ടെന്നും വാർത്താകുറിപ്പിൽ തുടരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, എല്ലാവർക്കും തുല്യ അവകാശമുള്ളതും എല്ലാവരും അഭിമാനത്തോടെ ജീവിക്കുന്നതുമായ മഹത്തായ രാജ്യമാക്കാൻ പ്രതിജ്ഞാബദ്ധമാണ് നമ്മൾ. എല്ലാവരും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമൊപ്പം അടിയുറച്ചുനിൽക്കുകയും എല്ലാവരും വികസനത്തിന്റെയും വളർച്ചയുടെയും ഫലങ്ങൾ ആസ്വാദിക്കുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യയെ മാറ്റുമെന്നും അരുൺ സിങ് വ്യക്തമാക്കി.

ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപൂർ ശർമയ്ക്കെതിരെ കേസെടുത്തത്.

Summary: The BJP says it "strongly denounces insult of any religious personalities" and respect all religions'', amid a massive controversy over spokesperson Nupur Sharma's comment on Prophet Muhammad

TAGS :

Next Story