Quantcast

'ബിജെപി-ജെഡിഎസ് സഖ്യം പിണറായിയുടെ പിന്തുണയോടെ'; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ദേവഗൗഡയുടെ വെളിപ്പെടുത്തൽ

മന്ത്രി കെ.കൃഷ്ണൻ കുട്ടിയും ബിജെപി സഖ്യത്തിന് പിന്തുണ നൽകിയെന്ന് ദേവഗൗഡ

MediaOne Logo

Web Desk

  • Updated:

    2023-10-20 07:16:33.0

Published:

20 Oct 2023 5:46 AM GMT

Deva-gowda-says-bjp-jds-alliance is-with-pinarayis-support
X

ബെംഗളൂരു: കർണാടകയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിന് പിണറായി വിജയന്റെ പിന്തുണ ലഭിച്ചുവെന്ന് ജെഡിഎസ് അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ. തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബിജെപി സഖ്യത്തിന് അനുകൂലമായിരുന്നുവെന്നാണ് ഗൗഡയുടെ വെളിപ്പെടുത്തൽ. ജെ.ഡി.എസിന്റെ മന്ത്രി കെ.കൃഷ്ണൻ കുട്ടിയും ബിജെപി സഖ്യത്തിന് പിന്തുണ നൽകിയതായി സിഎം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷൻ സ്ഥാനത്ത് നിന്ന് മാറ്റിയ വാർത്താ സമ്മേളനത്തിൽ ദേവഗൗഡ വെളിപ്പെടുത്തി.

എൻഡിഎയുമായി ചേരാനുള്ള ജെഡിഎസിന്റെ തീരുമാനത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചതിനെ തുടർന്നാണ് നീക്കവുമായി മുന്നോട്ടു പോയതെന്നാണ് ദേവഗൗഡ പറയുന്നത്. എൻഡിഎ സഖ്യത്തിന്റെ ഭാഗമാകാനുള്ള നീക്കത്തെ എതിർത്തതിന്റെ പേരിൽ എന്തുകൊണ്ട് സിഎം ഇബ്രാഹിമിനെ മാത്രം പുറത്താക്കിയെന്നും കേരളമുൾപ്പടെയുള്ള മറ്റ് സംസ്ഥാനങ്ങളും നീക്കത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ടല്ലോയെന്നും മാധ്യമങ്ങൾ ചോദ്യമുന്നയിച്ചപ്പോളാണ് ദേവഗൗഡ നിർണായകമായ വെളിപ്പെടുത്തൽ നടത്തിയത്.

തമിഴ്‌നാടും കേരളവുമുൾപ്പടെയുള്ള മറ്റ് സംസ്ഥാന കമ്മിറ്റികൾ നീക്കത്തിന് നേരത്തേ തന്നെ പിന്തുണ നൽകിയിരുന്നുവെന്നും പാർട്ടിയുടെ നിലനിൽപ്പിന്റെ കാര്യമായതിനാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ നീക്കത്തെ അംഗീകരിച്ചുവെന്നും ദേവഗൗഡ പറയുന്നു.

ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും സഖ്യത്തിന് അനുകൂലമായിരുന്നെന്നും അതുകൊണ്ടു തന്നെയാണ് അദ്ദേഹം ഇപ്പോഴും ജെഡിഎസിന്റെ മന്ത്രിയായി തുടരുന്നതെന്നുമാണ് ദേവഗൗഡയുടെ മറ്റൊരു വെളിപ്പെടുത്തൽ.

എന്നാൽ ദേവഗൗഡയുടെ വാദം മന്ത്രി കെ.കൃഷ്ണൻകുട്ടി പൂർണമായും തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ ദേവഗൗഡയുമായി യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും ജെഡിഎസ് കേരള ഘടകത്തിന് ദേവ ഗൗഡയുടെ എൻഡിഎ ബന്ധത്തോട് പൂർണ വിയോജിപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു. താനും മാത്യു ടി.തോമസും എൻഡിഎ സഖ്യത്തിൽ ഇല്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും ഗാന്ധിജിയുടെയും ലോഹിയുടെയും ആശയങ്ങൾ പിന്തുടരുന്നവരാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. രണ്ടാം പിണറായി സർക്കാർ ബിജെപിയുടെ കുഞ്ഞാണ് എന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ബിജെപി- പിണറായി അന്തർധാര മറനീക്കി പുറത്തു വന്നുവെന്നും സ്വർണക്കടത്തും ലാവലിൻ കേസുമെല്ലാം അട്ടിമറിച്ചത് ഈ ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീമാണെന്നാണ് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ പ്രതികരിച്ചത്. കേരളത്തിൽ ഇടതുമുന്നണിയുടെ കൂടെയും കേന്ദ്രത്തിലും കർണാടകത്തിലും ബിജെപിയുടെ കൂടെയുമാണ് ജെഡിഎസ് എന്നും അതിന്റെ അർഥം വളരെ വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവഗൗഡയുടെ വാദങ്ങൾ കോൺഗ്രസ് നേരത്തേ ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം. ബിജെപിയുമായി മുഖ്യമന്ത്രിക്കും സിപിഎമ്മിനും ബന്ധമുണ്ടെന്നും സംഘ്പരിവാർ ശക്തികളാണ് കേരളത്തിലെ ഭരണത്തെ നയിക്കുന്നതെന്നും സതീശൻ ആരോപിച്ചു. ജെഡിഎസ് മന്ത്രിക്കെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകാത്തത് ബിജെപിയെ പേടിച്ചാണെന്ന് പരിഹസിച്ച സതീശൻ ഇന്ത്യാ മുന്നണിയിലേക്ക് പ്രതിനിധികളെ അയക്കാത്തത് ബിജെപിയുടെ സമ്മർദം കൊണ്ടാണെന്നും കൂട്ടിച്ചേർത്തു.

TAGS :

Next Story