ദേവസഹായം പിള്ള ഇനി വിശുദ്ധന്‍; പ്രഖ്യാപനം നടത്തി ഫ്രാൻസിസ് മാർപാപ്പ
വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്
ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലായിരുന്നു പ്രഖ്യാപനം. വിശുദ്ധ പദവിയിലെത്തുന്ന ഇന്ത്യയുടെ ആദ്യ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. കൂടാതെ ഇന്ത്യൻ സഭയുടെ വൈദികൻ അല്ലാത്ത ആദ്യ വിശുദ്ധനും കൂടിയാണ് അദ്ദേഹം.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.25 നാണ് ചടങ്ങുകൾ ആരംഭിച്ചത്. ദേവസഹായം പിള്ള രക്തസാക്ഷിത്വം വരിച്ച നാഗർകോവിലിനടുത്തുളള കാറ്റാടിമലയിൽ വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ ഇന്നലെ മുതൽ ആരംഭിച്ചിരുന്നു. ദൈവസഹായം പിള്ളയോടൊപ്പം മറ്റ് പതിനാല് പേരെക്കൂടി വിശുദ്ധ പദവിയിലേക്ക് ഉയർത്തി. ദൈവസഹായം പിള്ള വെടിയേറ്റ് മരിച്ച കാറ്റാടിമലയിലെ പള്ളിയിൽ പ്രത്യേക പ്രാർഥനകളും ശുശ്രൂഷകളുമാണ് നടക്കുന്നത്.
ഹൈന്ദവനായി ജനിച്ച നീലകണ്ഠപിള്ളയാണ് പിന്നീട് ലാസർ ദേവസഹായം പിള്ളയായത്. കന്യാകുമാരിയിലെ നട്ടാലത്ത് 1712ലായിരുന്നു നീലകണ്ഠപിള്ളയുടെ ജനനം. മാർത്താണ്ഡവർമയുടെ ഭരണകാലത്ത് തിരുവിതാംകൂർ സൈന്യത്തിൽ ഉന്നത പദവി വഹിച്ചിരുന്നു. വടക്കാൻകുളം പള്ളിയിലെ ഈശോ സഭ വൈദികനായിരുന്ന ജെ.പി ബുട്ടാരിയിൽനിന്ന് 1745 മേയ് 17ന് ജ്ഞാനസ്നാനം സ്വീകരിച്ചു. ക്രിസ്തുമതത്തിൽ അടിയുറച്ചു വിശ്വസിച്ച ദേവസഹായം പിള്ള കാറ്റാടിമലയിൽ 1752 ജനുവരി 14ന് വെടിയേറ്റു മരിച്ചുവെന്നാണു ചരിത്രം.
വിശുദ്ധപദവിയിലേക്ക് ഉയർത്തുന്നുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കോട്ടാർ, കുഴിത്തുറ, നെയ്യാറ്റിൻകര രൂപതകളിലെ പള്ളികളിലും പ്രത്യേക ചടങ്ങുകൾ നടക്കുന്നുണ്ട്. ജൂൺ അഞ്ചിന് കാറ്റാടിമലയിൽ കൃതജ്ഞതാ ബലിയും നടക്കും.
Summary: Devasahayam Pillai, who converted to Christianity in the 18th century in the then kingdom of Travancore, was declared a saint by Pope Francis at the Vatican
Adjust Story Font
16