മുസ്‌ലിം പള്ളി പൊളിച്ചുനീക്കാൻ നഗരസഭാ അധികൃതർ, പ്രതിഷേധവുമായി നാട്ടുകാർ; ധാരാവിയിൽ സംഘർഷാവസ്ഥ
ധാരാവിയിലെ മെഹബൂബ്-ഇ-സുബ്ഹാനി മസ്ജിദിന്റെ നിർമാണം അനധികൃതമെന്ന് ചൂണ്ടിക്കാണിച്ചാണ് നഗരസഭയുടെ നടപടി
മുബൈ: മുസ്‌ലിം പള്ളിയുടെ ഒരു ഭാഗം പൊളിച്ചുനീക്കാനെത്തിയ നഗരസഭാ അധികൃതർക്കെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ സംഘർഷം. മുബൈയിലെ പ്രധാനപ്പെട്ട ചേരികളിലൊന്നായ ധാരാവിയിലാണ് സംഭവം. ധാരാവിയിലെ മെഹബൂബ്-ഇ-സുബ്ഹാനി മസ്ജിദിന്റെ ഒരു ഭാഗം നിർമിച്ചിത് അനധികൃതമായാണെന്നും അത് പൊളിച്ചുനീക്കുകയാണെന്നും പറഞ്ഞാണ് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) ഉദ്യോഗസ്ഥർ എത്തിയത്.
നഗരസഭയുടെ ജി-നോർത്ത് അഡ്മിനിസ്ട്രേറ്റീവ് വാർഡിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ ഒരു സംഘം രാവിലെ ഒമ്പതുമണിയോടെയാണ് ധാരാവിയിലെ 90 ഫീറ്റ് റോഡിനോടു ചേർന്നുള്ള പള്ളിയിലേക്കെത്തിയത്. പള്ളിയുടെ അനിധകൃത ഭാഗം പൊളിച്ചിനീക്കണമെന്ന് അധികൃതർ പള്ളി ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. വിവരം അറിഞ്ഞയുടൻ തന്നെ ആളുകൾ ഇവിടെ തടിച്ചു കൂടി.
നഗരസഭാ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആളുകൾ ധാരാവി പൊലീസ് സ്റ്റേഷന് പറത്തും തടിച്ചുകൂടി. ഇവർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പക്ഷെ പള്ളിയുടെ ഒരു ഭാഗം അനധികൃതമായി നിർമിച്ചതാണെന്നും ഇത് പൊളിച്ചുനീക്കുമെന്ന് നേരത്തെ നോട്ടീസ് നൽകിയതാണെന്നും നഗരസഭയുടെ തീരുമാനം നടപ്പിലാക്കുമെന്നുമുള്ള നിലാപാടിൽ അധികൃതർ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ നാട്ടുക്കാരുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭാ തീരുമാനം നടപ്പിലാക്കാൻ കഴിയാതെ വന്നതോടെ അധികൃതർ പള്ളി ഭാരവാഹികളുമായി തുറന്ന ചർച്ചയ്ക്ക് തയാറായി.
പള്ളിയുടെ കയ്യേറ്റഭാഗം പൊളിച്ചു നീക്കാൻ നാലോ അഞ്ചോ ദിവസത്തെ സമയം വേണമെന്ന പള്ളി ഭാരവാഹികളുടെ ആവശ്യം അധികൃതർ അംഗീകരിച്ചു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരുടേയും പൊലീസിന്റേയും സാന്നിധ്യത്തിൽ നടന്ന സംയുക്ത യോഗത്തിലാണ് പള്ളി ഭാരവാഹികൾ ആവശ്യം ഉന്നയിച്ചത്. എന്നാൽ അനധികൃതമായി നിർമിച്ചതാണെന്ന് നഗരസഭ അവകാശപ്പെടുന്ന പള്ളിയുടെ ഭാഗം സ്വന്തമായി നീക്കം ചെയ്യുമെന്ന് കാണിച്ച് ട്രസ്റ്റിമാർ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണർക്കും ജി നോർത്ത് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർക്കും രേഖാമൂലം അപേക്ഷ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് വൻ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജനസാന്ദ്രതയേറിയ കോളനിയായ ധാരാവി ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായാണ് കണക്കാക്കപ്പെടുന്നത്.
Adjust Story Font
16