Quantcast

നീറ്റ് പരീക്ഷാ വിവാദം: അന്വേഷണത്തിന് നിർദേശം നൽകി കേന്ദ്രം

വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2022-07-19 05:39:01.0

Published:

19 July 2022 4:34 AM GMT

നീറ്റ് പരീക്ഷാ വിവാദം:  അന്വേഷണത്തിന് നിർദേശം നൽകി കേന്ദ്രം
X

കൊല്ലം ആയൂരിലെ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർഥിനികളെ പരിശോധനയുടെ പേരിൽ അപമാനിച്ച സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അന്വേഷണത്തിന് നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷനൽ സെക്രട്ടറിയോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. വിവാദത്തിൽ ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ, കെ. മുരളീധരൻ, ഹൈബി ഈഡൻ എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ സൈബർ സംഘം കോളേജിൽ എത്തി.

പരീക്ഷ കഴിഞ്ഞു കോളേജിൽ വച്ചു അടിവസ്ത്രം ഇടേണ്ടെന്ന് അധികൃതർ പറഞ്ഞുവെന്നടക്കമുള്ള ആരോപണമാണ് പരീക്ഷ എഴുതിയ വിദ്യാർഥിനികൾ ഉന്നയിച്ചിരിക്കുന്നത്. കേന്ദ്രത്തിൽ ഉണ്ടായത് മോശം അനുഭവമായിരുന്നുവെന്നും അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ട് ഇരുന്നാണ് പരീക്ഷ എഴുതിയതെന്നും ഇവർ പറഞ്ഞു.



സംഭവത്തിൽ മുൻപരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്നാണ്‌ പൊലീസ് അറിയിച്ചത്. പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത് 10 പേരായിരുന്നുവെന്നും അറിയിച്ചു. പരീക്ഷാ ഏജൻസിക്ക് ചുമതല കൈമാറി കിട്ടുകയായിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരിശോധന ചുമതല ഏൽപ്പിച്ചത് തിരുവനന്തപുരത്തെ സ്റ്റാർ കൺസൾട്ടൻസി എന്ന സ്ഥാപനത്തിനായിരുന്നു. ഈ സ്ഥാപനം കരുനാഗപ്പള്ളി സ്വദേശിക്കും ഇദ്ദേഹം സുഹൃത്തിനും ചുമതല ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. പരീക്ഷാ സമയത്തോ, അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂപ്രണ്ടും എൻടിഎ നിരീക്ഷകനും കോർഡിനേറ്ററും രേഖാമൂലം എൻടിഎക്ക് കത്ത് നൽകി. എൻടിഎ ഡ്രസ് കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും എൻടിഎ വ്യക്തമാക്കി. ആരോപണം തെറ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോർഡിനേറ്റർ എൻടിഎക്ക് നൽകിയ മറുപടിയിൽ പറയുന്നത്.

പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരീക്ഷയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഏജൻസി ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡിവൈഎസ്പി പറഞ്ഞു. അടിവസ്ത്രത്തിൽ എന്തോ പ്ലാസ്റ്റിക് വസ്തു ഉണ്ടെന്ന് പറഞ്ഞാണ് മകളുടെ അടിവസ്ത്രം അഴിപ്പിച്ചതെന്ന് ശൂരനാട് സ്വദേശിയായ വ്യക്തി പറഞ്ഞു. തന്റെ മകളുടെ മാത്രമല്ല പരീക്ഷക്കെത്തിയ 90 ശതമാനം പെൺകുട്ടികളുടെയും അടിവസ്ത്രം ഊരിവെപ്പിച്ചാണ് പരീക്ഷയെഴുതിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കോളജ് അധികൃതർ പറഞ്ഞു. പരീക്ഷ നടത്തിപ്പിന്റെ ഉത്തരവാദിത്വം തങ്ങൾക്കല്ലെന്നും കോളജ് പ്രിൻസിപ്പൽ വ്യക്തമാക്കി. കുട്ടികളെ അപമാനിച്ചതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്.


Union Education Minister Dharmendra Pradhan has ordered an inquiry into the incident of insulting female students appearing for the NEET exam in Kollam Ayur.

TAGS :

Next Story