Quantcast

'ആരൊക്കെയാണ് രാമന്‍റെയും റഹ്‌മാന്റെയും ആളുകളെന്ന് അറിയണം'; ബാഗേശ്വര്‍ ധാമില്‍ പേര് പ്രദര്‍ശിപ്പിക്കാന്‍ കടയുടമകള്‍ക്ക് അന്ത്യശാസനം

മധ്യപ്രദേശിലെ പ്രമുഖ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ബാഗേശ്വര്‍ ധാമിലെ പ്രധാന പുരോഹിതനായ പണ്ഡിറ്റ് ധിരേന്ദ്രകൃഷ്ണ ശാസ്ത്രി ആണ് യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് പിന്തുടര്‍ന്ന് കടയുടമകള്‍ക്ക് അന്ത്യശാസനം പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2024-07-22 14:27:30.0

Published:

22 July 2024 11:46 AM GMT

Pandit Dhirendra Shastri of Bageshwar Dham gives an ultimatum to the shopkeepers to put up the name plate, name place controversy, Kanwar Yatra row
X

ഭോപ്പാല്‍: കാവഡ് യാത്രയോടനുബന്ധിച്ച് കടകള്‍ക്കുമുന്നില്‍ ഉടമകളുടെ പേരുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഉത്തരവ് വലിയ വിവാദമാകുന്നതിനിടെ വ്യാപാരികള്‍ക്ക് അന്ത്യശാസനവുമായി മധ്യപ്രദേശിലെ പ്രമുഖ ഹിന്ദു തീര്‍ഥാടന കേന്ദ്രവും. ബാഗേശ്വര്‍ ധാമിനു സമീപത്തെ മുഴുവന്‍ കച്ചവടക്കാരും പത്തു ദിവസത്തിനകം കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേരടങ്ങിയ നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നാണു നിര്‍ദേശം. ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ പീഠാധീശ്വര്‍ പണ്ഡിറ്റ് ധിരേന്ദ്രകൃഷ്ണ ശാസ്ത്രി ആണു മുന്നറിയിപ്പ് നല്‍കിയത്.

ധാമില്‍ ചായക്കടയും പൂക്കടയുമടക്കം എന്തു കച്ചവടമാണെങ്കിലും അതിനു മുന്നില്‍ ഉടമകളുടെ പേരുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് ധിരേന്ദ്രകൃഷ്ണ ആവശ്യപ്പെട്ടു. എന്നാലേ, രാമന്‍റെ ആള്‍ക്കാര്‍ ആരാണെന്നും, റഹ്‌മാന്റെ ആള്‍ക്കാര്‍ ആരൊക്കെയാണെന്നും അറിയാനാകൂ. നമ്മള്‍ക്ക് രാമനോടും റഹ്‌മാനോടും പ്രശ്‌നമില്ല. കാലനേമിയോടാണ്(രാമായണത്തിലെ രാക്ഷസന്‍) നമ്മള്‍ക്കു പ്രശ്‌നമെന്നും ധിരേന്ദ്രകൃഷ്ണ പറഞ്ഞു.

'കടകള്‍ക്കു പുറത്ത് ഉടമകളുടെ പേര് രേഖപ്പെടുത്തിയ നേംപ്ലേറ്റ് സ്ഥാപിക്കണം. ഭക്തരുടെ വിശുദ്ധിക്കു വേണ്ടിയാണ് ഇതു പറയുന്നത്. ബാഗേശ്വര്‍ധാമിലെ എല്ലാ കടയുടമകളും പത്തു ദിവസത്തിനകം നേംപ്ലേറ്റ് സ്ഥാപിക്കണം. ഇല്ലെങ്കില്‍ ധ്യാന്‍ സമിതി നിയമനടപടി സ്വീകരിക്കും.'-അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

യാഥാര്‍ഥ്യം അറിയാനാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് പിന്നീട് മാധ്യമങ്ങളോട് ധിരേന്ദ്രകൃഷ്ണ ന്യായീകരിച്ചു. സ്വന്തം അച്ഛനെ തന്നെയാകണം അച്ഛനെന്നു വിളിക്കേണ്ടത്. മറ്റാരെങ്കിലും പിതാവിനെ അച്ഛനെന്നു വിളിക്കരുത്. ആര്‍ക്കും തെറ്റിദ്ധാരണ ഇല്ലാതിരിക്കാനാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. സമൂഹത്തെ ഉത്ബുദ്ധരാക്കുകയും ജാതീയത തുടച്ചുനീക്കുകയുമാണു നമ്മുടെ ലക്ഷ്യം. ഇതിനായി ഹിന്ദുക്കളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ധിരേന്ദ്രകൃഷ്ണ ശാസ്ത്രി ആഹ്വാനം ചെയ്തു.

അതിനിടെ, യു.പി, ഉത്തരാഖണ്ഡ് സര്‍ക്കാരുകളുടെ വിവാദ ഉത്തരവ് ഇന്ന് സുപ്രിംകോടതി സ്‌റ്റേ ചെയ്തിരുന്നു. കാവഡ് തീര്‍ഥാടകര്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പാതയോരങ്ങളിലെ കടകളിലെല്ലാം ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്ന നെയിംപ്ലേറ്റ് സ്ഥാപിക്കണമെന്നായിരുന്നു വിവാദ ഉത്തരവ്. കടയിലെ ജോലിക്കാരുടെ പേരുവിവരങ്ങളും പ്രദര്‍ശിപ്പിക്കണം, ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ടായിരുന്നു. ഉത്തരവിനെതിരെ വന്‍ വിമര്‍ശനം ഉയരുന്നതിനിടെയാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്.

ഉത്തരവില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് ഇന്നലെ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. കടകള്‍ക്കു മുന്നില്‍ ആരും ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, എസ്.വി.എന്‍ ഭാട്ടി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. കടയില്‍ വില്‍ക്കുന്നഭക്ഷൃവസ്തുക്കളുടെ വിവരങ്ങള്‍ വേണമെങ്കില്‍ പ്രദര്‍ശിപ്പിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മധ്യപ്രദേശ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടിസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

Summary: Pandit Dhirendra Shastri of Bageshwar Dham gives an ultimatum to the shopkeepers to put up the name plate

TAGS :

Next Story